Thu. Dec 19th, 2024
തിരുവനന്തപുരം:

സ്വര്‍ണ്ണകടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ്  കോടതിക്ക് നൽകി. സ്വപ്‍ന ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭാവിയിൽ മൊഴി മാറ്റാൻ സമ്മർദം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്ത് മൊഴിയുടെ പകര്‍പ്പ് കസ്റ്റംസിനോട് കോടതിയില്‍ സമര്‍പ്പിക്കാന്‍ സ്വപ്‍ന ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറില്‍ മൊഴിയുടെ പകര്‍പ്പ് കോടതിയിൽ സമര്‍പ്പിക്കുകയായിരുന്നു.

അതേസമയം കേസിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടയിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയതിനെ ചൊല്ലി വിവാദം കനക്കുന്നു. പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഷൈൻ സി ജോര്‍ജിനെ മാറ്റി പകരം ടി എ ഉണ്ണിക്കൃഷ്ണനെ നിയമിച്ചത്. തന്നെ മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ പ്രേരണയാണെന്നും ടി എ ഉണ്ണിക്കൃഷ്ണന്‍ സജീവ ബിജെപി പ്രവര്‍ത്തകനാണെന്നും ഷൈന്‍ സി ജോർജ് ആരോപിച്ചു. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹവാല, ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇഡി അന്വേഷിക്കുന്നത്. 

By Athira Sreekumar

Digital Journalist at Woke Malayalam