ബീജിംഗ്:
അമേരിക്ക ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് കൊവിഡ് പ്രതിരോധത്തിനായി മൂന്ന് കോടി ഡോളര്‍ അനുവദിച്ച് ചൈന. വികസ്വര രാഷ്ട്രങ്ങളിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനാണ് ഫണ്ട് അനുവദിക്കുന്നതെന്ന് വ്യക്തമാക്കി ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ലോകാരോഗ്യ സംഘടന കൊവിഡ് വിഷയത്തില്‍ ചൈനയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്നും കൊവിഡ് പ്രതിരോധത്തിനായി കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫണ്ട് വെട്ടിക്കുറച്ചത്. അമേരിക്ക വര്‍ഷം തോറും 40-50 കോടി ഡോളര്‍ നല്‍കുമ്പോള്‍ ചൈന വെറും നാല് കോടി ഡോളറാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അധികമായി 30 മില്യണ്‍ ഡോളറാണ് ചൈന സംഘടനയ്ക്ക് അനുവദിച്ചിരിക്കുന്നത്.