തിരുവനന്തപുരം:
പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. തലസ്ഥാനനഗരിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ ഏറ്റുമുട്ടല്‍ ഉണ്ടായി. തുടര്‍ന്ന് മൂന്ന് തവണ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൊല്ലം, കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളെ സമരക്കാര്‍ തടഞ്ഞു. അക്രമം വ്യാപിക്കുന്നത് തടയാന്‍ സംസ്ഥാനത്ത് മുന്നൂറോളം പേരെ പൊലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കണ്ണൂരും കോഴിക്കോടും സമരാനുകൂലികളായ സ്ത്രീകള്‍ ദേശീയ പാത ഉപരോധിച്ചു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകളും ലോറിയും തടഞ്ഞു. കണ്ണൂര്‍ തലശ്ശേരി ദേശീയ പാതയില്‍ സമരക്കാര്‍ ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് ഓടി. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
പാലക്കാട് വാഹനങ്ങൾ തടയാനെത്തിയവർക്ക് നേരെ പോലീസ് ലാത്തി വീശി. കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറത്തെ കെഎസ്ആർടിസി ഡിപ്പോയിൽ ഹർത്താൽ അനുകൂലികള്‍ പ്രതിഷേധിച്ചു. അതേസമയം, എറണാകുളത്ത് മറ്റ് ജില്ലകളെ അപേക്ഷിച്ച് ഹര്‍ത്താല്‍ ശാന്തമാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി, മൈനോറിറ്റി വാച്ച് തുടങ്ങിയ സംഘടകളുടെ സംയുക്തസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ തുടങ്ങിയ ഹര്‍ത്താല്‍ വെെകുന്നേരം ആറുമണിവരെയാണ്.