Fri. Mar 29th, 2024

ന്യൂഡൽഹി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവൻ  പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകുന്നേരം രാഷ്ട്രപതിയെ കാണും. ജാമിയ സര്‍വ്വകലാശാലയിലേയും,  അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലേയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന പൊലീസ് അക്രമം അവസാനിപ്പിക്കാൻ കേന്ദ്രം നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകീട്ട് നാലരക്കാണ് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ല. അതിനാല്‍ രാഷ്ട്രപതി ഇടപെടണം, ഭേദഗതി നിയമം  റദ്ദാക്കാന്‍ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം തുടങ്ങിയ  ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാക്കൾ  പ്രധാനമായും രാഷ്ട്രപതിയോട്  ഉന്നയിക്കുക.
ഇന്നലെ ഇന്ത്യാ ഗേറ്റിനു മുന്നില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി ധർണയിൽ പങ്കെടുത്തിരുന്നു. അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആയിരിക്കും കേസ് പരിഗണിക്കുക. ഹ്യൂമന്‍ റൈറ്റ്‌സ്, ലോ നെറ്റ് വര്‍ക്ക്, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയ വിവിധ സംഘടനകളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

അതേസമയം പൗരത്വ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ്.