Sat. Jan 18th, 2025
ന്യൂഡൽഹി:

ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു.

“പൗരത്വ ഭേദഗതി നിയമവും എൻആർസിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്. ഇത്തരം വൃത്തികെട്ട ആയുധങ്ങള്‍ക്കെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം സമാധാനപരവും അഹിംസാപരവുമായ സത്യാഗ്രഹമാണ്,” ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം രാഹുൽ ഗാന്ധി രേഖപ്പെടുത്തിയത്.

“പൗരത്വ ഭേദഗതി ബില്ലിനും എൻആർസിക്കുമെതിരെ സമാധാനപരമായ പ്രതിഷേധിക്കുന്ന എല്ലാവരോടും ഞാന്‍ ഐക്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

ജാമിയ വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേരത്തേ രംഗത്തെത്തിയിരുന്നു.

അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ബോംബെ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍  ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വന്നു. സമരത്തിനു പിന്തുണയുമായി ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയായ ഐസ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിലുടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സമരം  തുടരുകയാണ്.