ന്യൂഡല്‍ഹി :
ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. അറസ്റ്റു ചെയ്തു. എ.ഐ.സി.സി. ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് നാടകീയമായി അറസ്റ്റുണ്ടായത്.
കേസില്‍ അറസ്റ്റുണ്ടാകുമെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ചിദംബരം ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി തള്ളിയതിനെ തുടര്‍ന്ന് അറസ്റ്റു തടയണമെന്നാവശ്യപ്പെട്ട് ചിദംബരം ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്കും ചീഫ് ജസ്റ്റിസ് ഇത് തിരിച്ചും അയച്ചു. ഇതോടെ ഇനി ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നും വെള്ളിയാഴ്ച പരിഗണിക്കാമെന്നും ജസ്റ്റിസ് രമണ അറിയിച്ചത്.
ഇതിനെ തുടര്‍ന്ന കോടതി പരിസരത്തുനിന്നും ചിദംബരത്തെ പൊടുന്നനെ കാണാതാവുകയായിരുന്നു. അറസ്റ്റ് ഉറപ്പായതോടെ ചിദംബരം മുങ്ങിയതാണെന്നും ഇതോടെ വാര്‍ത്ത പരന്നു. ചിദംബരത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ബുധനാഴ്ച വൈകുന്നേരം വരെ ചിദംബരം എവിടെയെന്ന് ആര്‍ക്കും അറിയാനും കഴിഞ്ഞിരുന്നില്ല.
ഇതിനിടെയാണ് അപ്രതീക്ഷിതമായി എ.ഐ.സി.സി. ആസ്ഥാനത്തെത്തി ചിദംബരം വാര്‍ത്താ സമ്മേളനം നടത്തിയത്. താന്‍ ഒളിച്ചോടിയതായുള്ള വാര്‍ത്തകള്‍ ശരിയല്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. താനോ കുടുംബാംഗങ്ങളോ ഐ.എന്‍.എക്‌സ് മീഡിയാ കേസുമായി ബന്ധപ്പെട്ട് തെറ്റൊന്നും ചെയ്തിട്ടില്ല. തനിക്കെതിരെ കുറ്റപത്രമില്ലെന്നും ചിദംബരം പറഞ്ഞു.
അന്വേഷണ ഏജന്‍സിയായ സിബിഐ നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെ നടപടി സ്വീകരിക്കുന്നതിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണമെന്നും ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നു മുഴുവന്‍ കോടതി നടപടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പകല്‍ മുഴുവന്‍ ചിദംബരത്തെ അന്വേഷിച്ചു നടന്ന സി.ബി.ഐ. എന്‍ഫോഴ്‌സ്‌മെന്റ് സംഘം വാര്‍ത്താ സമ്മേളനം നടക്കുന്ന വിവരം അറിഞ്ഞതോടെ എ.ഐ.സി.സി. ആസ്ഥാനത്തേക്ക് കുതിച്ചു. പാര്‍ട്ടി ആസ്ഥാനത്തു വെച്ച് അറസ്റ്റുണ്ടായേക്കുമെന്നു ഭയന്ന ചിദംബരം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പോലും നല്‍കാതെ ഉടനെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
രാത്രി എട്ടരയോടെ ചിദംബരവും അഭിഭാഷകനായ കപില്‍ സിബലും വീട്ടിലെത്തി. ചിദംബരം ഉടന്‍ തന്നെ വീടു പൂട്ടുകയും ചെയ്തു. പിന്നാലെയെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് – സി.ബി.ഐ. സംഘം പലതവണ ആവശ്യപ്പെട്ടിട്ടും ഗേറ്റു തുറന്നില്ല. ഒടുവില്‍ വീടിന്റെ മതില്‍ ചാടിക്കടന്നു. ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ 9.45 ഓടെ സി.ബി.ഐ. ചിദംബരത്തെ അറസ്റ്റു ചെയ്തു.
ഇതിനിടെ എ.ഐ.സി.സി. ആസ്ഥാനത്തും ചിദംബരത്തിന്റെ വീടിനുമുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ഇതിനിടെ മുദ്രാവാക്യങ്ങളുമായി ചിദംബരത്തിന്റെ വീടിനു മുന്നില്‍ എത്തിയ ബി.ജെ.പി. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
ഐ.എന്‍.എക്‌സ് മീഡിയാ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കഴിഞ്ഞ വര്‍ഷം സി.ബി.ഐ. അറസ്റ്റു ചെയ്തിരുന്നു.