Fri. Mar 29th, 2024
ദുബായ്:

ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനില്‍ അറസ്റ്റിലായി. വണ്ടിച്ചെക്ക് നല്‍കിയെന്ന കേസില്‍ ബിസിനസ് പങ്കാളിയായിരുന്ന പ്രവാസി മലയാളി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് അറസ്റ്റുണ്ടായത്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

പത്തു വര്‍ഷം മുമ്പു നല്‍കിയ ചെക്കുമായി ബന്ധപ്പെട്ട് അജ്മാനിലുള്ള തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയാണ് യു.എ.ഇ. പോലീസില്‍ പരാതി നല്‍കിയത്. ഒരു കോടി ദിര്‍ഹത്തിന്റെ (19 കോടിയിലധികം രൂപ) വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചു എന്നാണ് തുഷാറിനെതിരെയുള്ള കേസ്. ഒത്തുതീര്‍പ്പിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ് എന്നാണ് തുഷാറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത വിവരം തുഷാര്‍ വെളളാപ്പള്ളി അറിഞ്ഞിരുന്നില്ല.

പോലീസില്‍ പരാതി നല്‍കിയ വിവരം അറിയിക്കാതെ ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാനായി പരാതിക്കാര്‍ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തി. അജ്മാനിലുള്ള ഒരു ഹോട്ടലില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. തുടര്‍ന്ന് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് എത്തി തുഷാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബോയിങ് കണ്‍സ്ട്രക്ഷന്‍സ് എന്ന പേരില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ ഒരു നിര്‍മാണ സ്ഥാപനമുണ്ടായിരുന്നു. ഈ സ്ഥാപനത്തിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുല്ലയുടെ കമ്പനി.

പത്തുവര്‍ഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. ഈ സമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുല്ലയ്ക്ക് നല്‍കാനുണ്ടായിരുന്ന പണത്തിന് പകരം ചെക്ക് നല്‍കി. പത്തു വര്‍ഷത്തോളം കഴിഞ്ഞിട്ടും പണം നല്‍കാത്ത സാഹചര്യത്തിലാണ് ഇവര്‍ അജ്മാന്‍ പോലീസിന് പരാതി നല്‍കിയത്. ഈ ചെക്കില്‍ തീയതി വെച്ചിട്ടുണ്ടായിരുന്നില്ലെന്നും പറയുന്നു.

അതേസമയം യു.എ.ഇ.യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെട്ടെങ്കിലും കേസ് പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചില്ല. യു.എ.ഇയിലുള്ള ചില പ്രമുഖ പ്രവാസി വ്യവസായികള്‍ മുഖേന തുഷാറിനെ ഇന്നു തന്നെ ജാമ്യത്തില്‍ ഇറക്കാനാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഇന്നു തന്നെ ആവശ്യമായ രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതിനിടെ പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്ന് തുഷാറിന്റെ പക്ഷത്തുള്ളവര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കേസുകളില്‍ യു.എ.ഇയിലെ നിയമങ്ങള്‍ വളരെ കര്‍ശനമാണ്.

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി തുഷാര്‍ മത്സരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *