ന്യൂഡല്‍ഹി:
സമൂഹമാധ്യമങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന സ്വന്തം നിലപാട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നവമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ, വ്യാജ വാര്‍ത്തകള്‍, ദേശവിരുദ്ധമായ ഉള്ളടക്കം, അപകീര്‍ത്തിപ്പെടുത്തല്‍, അശ്ലീലത തുടങ്ങിയവയെ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്നും സമൂഹമാധ്യമങ്ങള്‍ക്ക് നിലവില്‍ ഇങ്ങനെയൊരു സംവിധാനമില്ലെന്നും ആയതിനാലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു.
നേരത്തെ, ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ മുതലായവയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിബന്ധന വന്നിരുന്നു, ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളെയും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന ആവശ്യമുയരുന്നത്.
സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ഫേസ്ബുക്ക് നേരത്തെ അറിയിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ കേന്ദ്ര സര്‍ക്കാറും സ്വന്തമാ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, നിലവില്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികള്‍ പരിഗണിക്കുന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഇടപെടില്ല.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനുൾപ്പെടെ മറ്റു സമൂഹമാധ്യമങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. നവമാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിൽ കൊണ്ടുവരുവാനുള്ള നീക്കമാണിതെന്ന് ഫേസ്ബുക്കിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി വാദിച്ചു. വ്യക്തികളുടെ സ്വകാര്യതയ്ക്കു മേൽ കടന്നു കയറാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.