Thu. Apr 25th, 2024
ന്യൂഡല്‍ഹി:

ഒരു വ്യക്തിയെ തീവ്രവാദിയായി മുദ്ര കുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന യു.എ.പി.എ നിയമ ഭേദഗതി 2019നെതിരെ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ഡല്‍ഹി സ്വദേശിനിയായ സജല്‍ ആവസ്തിയാണ് കഴിഞ്ഞ ദിവസം പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്. ഭേദഗതി ബില്ലിന്റെ നിയമ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗസ്റ്റ് രണ്ടാം തീയതിയാണ് യു.എ.പി.എ ഭേദഗതി ബില്‍-2019 രാജ്യസഭ പാസാക്കിയത്. തങ്ങളെ എതിര്‍ക്കുന്ന ആരെയും തീവ്രവാദി എന്നു മുദ്രകുത്താന്‍ ബി.ജെ.പി.ക്കും കേന്ദ്ര സര്‍ക്കാരിനും എളുപ്പം കഴിയും എന്നതാണ് ഈ ഭേദഗതി ബില്ലുണ്ടാക്കുന്ന അപകടം.

ഈ സാഹചര്യത്തിലാണ് സജല്‍ ആവസ്തി പൊതു താല്പര്യ ഹര്‍ജിയുമായി പരമോന്നത കോടതിയിലെത്തിയത്. ഇന്ത്യന്‍ ഭരണ ഘടനയിലെ മൗലികാവകാശങ്ങളായ സമത്വത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14), സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 19), ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21) എന്നിവയുടെ നിഷേധമാണ് ഈ നിയമ ഭേദഗതി എന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ നിലവിലിരുന്ന 1967 ലെ യു.എ.പി.എ നിയമ പ്രകാരം സംഘടനകളെ മാത്രമേ തീവ്രവാദ പ്രസ്ഥാനങ്ങളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ആഗസ്റ്റ് രണ്ടിന് പാസാക്കിയ യു.എ.പി.എ ഭേദഗതി -2019 പ്രകാരം ഇനി മുതല്‍ വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിയും. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമത്തിലെ ആറാം അദ്ധ്യായമാണ് യു.എ.പി.എ -2019ല്‍ സര്‍ക്കാര്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്.

യു.എ.പി.എ-2019 ലെ പുതിയ 35-ാം വകുപ്പ് ഒരു വ്യക്തിയെ തീവ്രവാദി എന്ന് വിശേഷിപ്പിക്കാന്‍ എന്തെങ്കിലും വ്യക്തമായ കാരണമോ, സാഹചര്യമോ ആവശ്യമുള്ളതായി വ്യക്തമാക്കുന്നില്ല. ഷെഡ്യൂള്‍ 4 പ്രകാരമുള്ള ടെററിസ്റ്റ് എന്ന വിശേഷണത്തില്‍ ആരുടെ പേരു വേണമെങ്കിലും ഇങ്ങനെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും.

ഇത്തരത്തില്‍ യാതൊരു നിയന്ത്രണവും പരിധികളുമില്ലാതെ സര്‍ക്കാരിന് നല്‍കുന്ന വിവേചനാധികാരം ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അഭിഭാഷകനായ പവന്‍ റെലി മുഖാന്തിരമാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പല തരത്തിലും ഈ ഭേദഗതി ഒരാളുടെ മൗലികാവകാശത്തിന്‍മേല്‍ കടന്നു കയറ്റം നടത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു. വ്യക്തമായ തെളിവില്ലാതെ ഒരാളെ തീവ്രവാദിയായി ചിത്രീകരിക്കുന്നത് അയാള്‍ക്ക് ഭരണ ഘടന ഉറപ്പു നല്‍കുന്ന അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്.

ഇത്തരത്തില്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും വിചാരണ ആരംഭിക്കും മുമ്പുതന്നെ ഒരാളെ തീവ്രവാദി എന്ന് വിശേഷിപ്പിക്കാനും കഴിയും. ഇങ്ങനെ തീവ്രവാദിയായി മുദ്രകുത്തപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ഒരു വ്യക്തിയുടെ മൗലികാവകാശം നിഷേധിക്കലാണെന്നും ഹര്‍ജിക്കാരി വ്യക്തമാക്കുന്നു.

അന്തസോടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് സൂചിപ്പിക്കുന്നതിനൊപ്പം നേരത്തേ മറ്റൊരു കേസിലുള്ള സുപ്രീം കോടതി വിധിയും അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബോംബെ പോര്‍ട്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് V/S ദിലീപ് കുമാര്‍ രാഘവേന്ദ്രനാഥ് നട്കര്‍ണി കേസില്‍ ഒരു വ്യക്തിയുടെ അന്തസ് എന്നത് അയാളുടെ അവകാശമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ട് തന്നെയാണെന്നും കോടതി വിധിച്ചിരുന്നു. ഈ വിധിയും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മറ്റുള്ളവരുടെ അന്തസിനെ ഹനിക്കാതെ ആയിരിക്കണം സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്ന് 1965 ലെ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയില്‍ പറയുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെ അംഗീകരിച്ച് നടപ്പിലാക്കിയ ഈ ഉടമ്പടിയുടെ കൂടി ലംഘനമാണ് യു.എ.പി.എ ഭേദഗതി നിയമം -2019ലെ 35ാം വകുപ്പ് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

യു.എ.പി.എ ഭേദഗതി ബില്‍ -2019 അനുസരിച്ച് ഒരാള്‍ തീവ്രവാദിയായി മുദ്രകുത്തപ്പെട്ടാല്‍ അയാള്‍ക്ക് തന്റെ ഭാഗം ന്യായീകരിക്കാനോ സമൂഹത്തില്‍ തുടര്‍ന്ന് സ്വതന്ത്രമായി ജീവിക്കാനോ ഉള്ള അവസരവും നിഷേധിക്കപ്പെടും. തീവ്രവാദം ഇല്ലാതാക്കാന്‍ എന്ന പേരില്‍ ഭരണകൂടത്തിന് കൂടുതല്‍ ശക്തിയും അധികാരവും നല്‍കുകയും ഇതിലൂടെ വിയോജിപ്പു പ്രകടിപ്പിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പരോക്ഷമായി അടിച്ചമര്‍ത്തുകയുമാണ്. പുരോഗതിയിലേക്ക് നീങ്ങുന്ന ഇതുപോലൊരു ജനാധിപത്യ സമൂഹത്തിന് ഈ നീക്കങ്ങള്‍ വളരെ ഹാനികരമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അത്തരം വ്യക്തികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനുമുള്ള നിയമ നിര്‍മ്മാണത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ഈ മാസം ആദ്യം അനുമതി നല്‍കിയത്. അനുമതിക്കു മുമ്പേ തന്നെ ബില്‍ തയ്യാറാക്കി വെച്ചിരുന്ന ബി.ജെ.പി സര്‍ക്കാര്‍ ബില്‍ ഉടന്‍ തന്നെ രാജ്യസഭയില്‍ പാസാക്കിയെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *