Wed. Jan 22nd, 2025
ന്യൂയോര്‍ക്ക്:

ജമ്മു കാശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കി. ഭരണ ഘടനയിലെ 370-ാം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ അറിയിച്ചു.

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീനാണ് രക്ഷാ സമിതിയെ രാജ്യത്തിന്റെ നിലപാടറിയിച്ചത്. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു ഇന്നലെ രക്ഷാ സമിതി യോഗം ചേര്‍ന്നത്. ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കണം എന്നായിരുന്നു യോഗത്തില്‍ റഷ്യ മുന്നോട്ടു വെച്ച നിര്‍ദേശം. ഇതേ നിലപാട് തന്നെയായിരുന്നു യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാഗംങ്ങളായ ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങളും സ്വീകരിച്ചത്.

അതേസമയം പാകിസ്ഥാന്‍ ലോകത്തെ മുഴുവന്‍ തെറ്റിധരിപ്പിക്കുകയാണെന്നും, അവര്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഇന്ത്യ വ്യക്തമാക്കി.

കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം സാവധാനം ഒഴിവാക്കും. കാശ്മീരിലെ സാഹചര്യങ്ങള്‍ ശാന്തവും സമാധാനപരവുമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം കാശ്മീരില്‍ വലിയ പ്രതിസന്ധി ഘട്ടമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതായി പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ സയ്യിദ് അക്ബറുദ്ദീന്‍ സൂചിപ്പിച്ചു.

ബ്രിട്ടനും ഫ്രാന്‍സും ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ചൈന മാത്രമാണ് രക്ഷാസമിതിയില്‍ പാകിസ്ഥാനെ പിന്തുണച്ചത്. കശ്മീരിലെ സാഹചര്യം അപകടകരമാണെന്നും പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു എന്നും ചൈന അഭിപ്രായപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യ-പാക് പ്രശ്‌നം അജണ്ടയില്‍ ഉള്‍പ്പെടുത്തി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാ സമിതി തയ്യാറായത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടച്ചിട്ട മുറിയിലായിരുന്നു വെള്ളിയാഴ്ച രക്ഷാ സമിതി യോഗം ചേര്‍ന്നത്.

ആഗസ്റ്റ അഞ്ചിനാണ് ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കി കാശ്മീരിനെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ഇന്ത്യയുടെ ഈ നടപടിയില്‍ ചൈന നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. തര്‍ക്ക പ്രദേശമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച കശ്മീരില്‍ ഏകപക്ഷീയമായി ഇന്ത്യക്ക് എങ്ങിനെ നിലപാടെടുക്കാന്‍ കഴിയും എന്നാണ് ചൈന ചോദിക്കുന്നത്.

ഇതിനിടെ രക്ഷാസമിതി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് പാകിസ്ഥാന്‍ അമേരിക്കയുടെ പിന്തുണ തേടിയിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ ഇമ്രാന്‍ ഖാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *