Fri. Apr 19th, 2024

 

കൊച്ചി :

പ്രളയത്തില്‍ ദിരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ നാടുമുഴുവന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാത്ത കൊച്ചി കോര്‍പ്പറേഷനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. കൊച്ചി കോര്‍പ്പറേഷനും മേയര്‍ സൗമിനി ജെയിനും ദുരിതബാധിതര്‍ക്കായി യാതൊന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു.

നിരവധി സ്ഥാപനങ്ങളും സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെങ്കിലും തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് കൊച്ചി കോര്‍പ്പറേഷനും മേയറും യാതൊന്നും ചെയ്യുന്നില്ല എന്നത് ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ഇതോടെ മേയര്‍ സൗമിനി ജെയിന്റെ പേരു പറഞ്ഞു തന്നെയാണ് വിമര്‍ശനങ്ങള്‍ വരുന്നത്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ യാതൊന്നും ചെയ്യാത്ത സൗമിനി ജെയിനെതിരെ സോഷ്യല്‍ മീഡിയയിലും ട്രോള്‍ മഴയാണ്.

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാണ് ലോഡുകണക്കിന് സാധനങ്ങള്‍ വടക്കന്‍ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. വടക്കിന് തെക്കിന്റെ കൈത്താങ്ങ് എന്ന പേരിലാണ് ഒന്നിനു പിന്നാലെ ഒന്നായി മലബാറിലേക്കുള്ള ലോഡുകള്‍ കുതിച്ചു പായുന്നത്. ഇതുവരെ എഴുപതു ലോഡോളം അവശ്യ സാധനങ്ങളാണ് തിരുവനന്തപുരത്തു നിന്നും മലബാറിലേക്ക് പോയത്.

കഴിഞ്ഞ പ്രളയകാലത്തും കൊച്ചി കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതു ലക്ഷം നല്‍കിയതല്ലാതെ മറ്റൊരു പ്രവര്‍ത്തനവും അന്നും മേയര്‍ സൗമിനി ജെയിന്‍ നടത്തിയിരുന്നില്ല. ഇത്തവണയും അതുപോലെ അന്‍പതു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള ആലോചനയിലാണെന്നാണ് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇതിനുള്ള തീരുമാനമെടുക്കുമെന്നും മേയര്‍ പറഞ്ഞു.

ഇത്തവണ ജില്ലാ കളക്ടറുടെ നേതൃത്വത്തിലും വിവിധ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും നിരവധി കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്‍പോടു കൊച്ചി പോലുള്ള കൂട്ടായ്മകളും അവശ്യ സാധനങ്ങള്‍ സംഭരിച്ച് മലബാറിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിലൊന്നും കൊച്ചി കോര്‍പ്പറേഷന്റെയും മേയറുടെയും യാതൊരു സഹായവും ലഭിച്ചിട്ടില്ല.

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം മലബാറിനായി ഇത്രയും ചെയ്‌തെങ്കില്‍ കൊച്ചി കോര്‍പ്പറേഷനും മേയര്‍ക്കും എന്തെല്ലാം ചെയ്യാന്‍ കഴിയുമായിരുന്നു എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. മേയറുടെ നിസംഗത വലിയ വിവാദമായതോടെ എന്തെങ്കിലും പറഞ്ഞ് തടി തപ്പാനുള്ള ശ്രമത്തിലായി മേയര്‍.

ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം കളക്ടറുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ മാത്രമേ സര്‍ക്കാര്‍ തല വിഭവ സമാഹരണം നടത്താന്‍ കഴിയൂ എന്നും അതുകൊണ്ടാണ് മറ്റു കളക്ഷന്‍ ക്യാമ്പുകളൊന്നും തുറക്കാത്തത് എന്നുമാണ് സൗമിനി ജെയിന്‍ പറയുന്നത്. തങ്ങളെ ബന്ധപ്പെടുന്നവരോട് കളക്ടറേറ്റിലുള്ള കളക്ഷന്‍ സെന്ററില്‍ ഏല്‍പിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട് എന്നും മേയര്‍ പറഞ്ഞു.

എന്നാല്‍ കോര്‍പ്പറേഷന് സമീപത്ത് നഗരത്തില്‍ നിന്നും ലഭിക്കാവുന്ന അവശ്യ സാധനങ്ങള്‍ ശേഖരിച്ച് കളക്ടറേറ്റില്‍ എത്തിക്കാനുള്ള സംവിധാനം പോലും ഒരുക്കാതെ വെറുതെയിരിക്കുകയാണ് മേയറെന്ന വിമര്‍ശനവും ശക്തമാണ്. കോര്‍പ്പറേഷന്റെ ഔദ്യോഗിക പരിപാടിയായി നടത്തിയില്ലെങ്കില്‍ പോലും സഹജീവികളെ സഹായിക്കാന്‍ നിരവധി കാര്യങ്ങള്‍ ഈ ദിവസങ്ങളില്‍ ചെയ്യാമായിരുന്നു.

മേറുടെ ഒദ്യോഗിക ഫേസ് ബുക്കി പേജില്‍ പോലും ഇതുവരെ പ്രളയ ബാധിതരെ സഹായിക്കാനോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നോ പറഞ്ഞ് ഒരു പോസ്റ്റു പോലും ഇട്ടിട്ടില്ല. ഫേസ് ബുക്ക് പേജിലുള്ളത് മേയര്‍ നടത്തിയ ഉദ്ഘാടന പരിപാടികളുടെ ചിത്രങ്ങളും വാര്‍ത്തകളും മാത്രമാണ്. നാടിനു വേണ്ട കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ ഉദ്ഘാടന പരിപാടികളുമായി നടക്കുന്ന ആളാണ് കൊച്ചി മേയര്‍ എന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തന്നെ നേരത്തേ ആരോപണം ഉയര്‍ത്തിയിട്ടുള്ളതാണ്.

ഇത്രയെല്ലാം വിമര്‍ശനങ്ങളുയര്‍ന്നിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കും എന്നതല്ലാതെ ദുരിത ബാധിതര്‍ക്കായി മറ്റൊന്നും ചെയ്യാന്‍ സൗമിനി ജെയിന്‍ തയ്യാറായിട്ടില്ല. ട്രോളുകളൊക്കെ അതിന്റെ വഴിക്കു നടക്കും ഇതൊന്നും തനിക്കൊരു പ്രശ്‌നമേയല്ല എന്നാണ് മേയറുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *