തിരുവനന്തപുരം:
വടക്കൻ കേരളത്തിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നും വ്യോമസേനയുടെ വിമാനത്തിലാണ് യാത്ര തിരിച്ചത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി. വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ യാത്രാസംഘത്തിലുണ്ട്.
മലപ്പുറം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കുക.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്‍പതു മണിയോടെ കൂടി എത്തിച്ചേരുന്ന സംഘം അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം സുല്‍ത്താന്‍ബത്തേരിയിലെത്തും. തുടർന്ന് മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദര്‍ശിക്കും.
പിന്നീട് പതിനൊന്നുമണിയോടെ കല്‍പറ്റയിലെ സിവില്‍ സ്റ്റേഷനിലെത്തി ജനപ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. എം.പിമാരും എം.എല്‍. എമാരും യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. തുടർന്ന് ഹെലികോപ്ടറിൽ കരിപ്പൂരിലെത്തി അവിടെ നിന്ന് വ്യോമസേനയുടെ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിക്കും.