Sat. Apr 27th, 2024

തി​രു​വ​ന​ന്ത​പു​രം:

സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. മൂന്നാറിലും, നിലമ്പൂരിലും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻ.ഡി.ആര്‍.എഫ്) സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ നടത്തുന്നുണ്ട്. എൻ.ഡി.ആര്‍.എഫിന്റെ പത്തു ടീമിനെയാണ് മൊത്തത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തു വ്യാപകമായി ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്‌. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ അതീവ ജാഗ്രത പാലിക്കാൻ ജില്ലാ കലക്ടർമാർക്കെല്ലാം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് 1385 പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. വയനാട്ടിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍ തുറന്നത് – 16 എണ്ണം.

യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍, എ.ഡി.ജി.പി മനോജ് എബ്രഹാം, ലാന്‍റ് റവന്യൂ കമ്മീഷണര്‍ സി.എസ്. ലത, ജലവിഭവ-ഊര്‍ജ്ജ സെക്രട്ടറി ഡോ. ബി. അശോക്, പി.ആര്‍.ഡി. ഡയറക്ടര്‍ യു.വി. ജോസ്, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *