Wed. Apr 24th, 2024
തൃശ്ശൂര്‍:

കഴിഞ്ഞ ദിവസം മുഖം മൂടി സംഘം തട്ടിക്കൊണ്ടു പോയ യുവസംവിധായകനെ കൊടകരയില്‍ നിന്നും കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പോലീസിന് ഫോണ്‍ ചെയ്ത് താന്‍ കൊടകരയിലുണ്ടെന്ന് നിഷാദ് അറിയിച്ചത്. ഇയാള്‍ കൊടകരയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. സാഹസികമായാണ് താന്‍ അക്രമി സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നാണ് നിഷാദ് പോലീസിനെ അറിയിച്ചത്.

അതേസമയം നിഷാദിനെ തട്ടിക്കൊണ്ടു പോയതായി കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുമെന്ന് പേരാമംഗലം പോലീസ് അറിയിച്ചു. നിഷാദിനോട് ഇന്ന് പേരാമംഗലം പേരാമംഗലം സ്റ്റേഷനില്‍ ഹാജരാകണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെയാണ് കാറില്‍ യാത്ര ചെയ്യവെ അക്രമിസംഘം മര്‍ദിച്ച് തട്ടിക്കൊണ്ടുപോയതായി നിഷാദിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്. ഗുരുവായൂരിലേക്കുള്ള യാത്രാമധ്യേ പിന്തുടര്‍ന്നെത്തിയ അജ്ഞാത സംഘം നിഷാദിനെയും ഭാര്യയെയും ആക്രമിച്ച ശേഷം നിഷാദിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. നിഷാദിന്റെ ഭാര്യ പ്രതീക്ഷ കഴുത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്‌ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നിഷാദ് സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന്റ വഴിപാടുകള്‍ നടത്താനായി ആദ്യം പാവറട്ടി പള്ളിയിലും പിന്നീട് ഗുരുവായൂരിലേക്കും പോവുകയായിരുന്നു ഇവര്‍.

അക്രമി സംഘത്തിന്റെ മര്‍ദനത്തില്‍ താഴെ വീണ പ്രതീക്ഷ എഴുന്നേറ്റു വരുമ്പോഴേക്കും നിഷാദുമായി അക്രമികള്‍ കടന്നു കളഞ്ഞു. പ്രതീക്ഷയാണ് പിന്നീട് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. യാത്രയെക്കുറിച്ച് മറ്റാരോടും പറഞ്ഞിട്ടില്ലെന്നും മുഖംമൂടി ധരിച്ചിരുന്നതിനാല്‍ അക്രമിസംഘത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് പ്രതീക്ഷ പോലീസിനോട് പറഞ്ഞത്. സിനിമ ആദ്യം നിര്‍മിക്കാമെന്നേറ്റിരുന്ന രണദേവ് എന്നയാളും നിഷാദുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. സിനിമയുടെ റിലീസ് വൈകിച്ചത് രണദേവാണ് എന്ന ആരോപണവുമായി നിഷാദ് കഴിഞ്ഞ ദിവസം ഫേസ് ബുക്ക് വീഡിയോ പോസ്റ്റു ചെയ്തിരുന്നു. രണ്ടു മണിക്കൂര്‍കൊണ്ട് ഒറ്റ ഷോട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് നിഷാദിന്റെ സംവിധാനത്തില്‍ പുറത്തു വന്ന വിപ്ലവം ജയിക്കട്ടെ എന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *