Thu. Apr 25th, 2024

 

മലപ്പുറം:

കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ശക്തമായ വെള്ളപ്പൊക്കത്തില്‍ നിലമ്പൂര്‍ ടൗണ്‍ ഒറ്റപ്പെട്ട നിലയിലാണ്. നിലമ്പൂര്‍ വഴിയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനും നിലമ്പൂരില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു.

ടൗണിലെ പ്രധാന റോഡുകളില്‍ പത്തടിയിലധികം വെള്ളം ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ വ്യാപാര സ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും താഴത്തെ നില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. സമീപ പ്രദേശത്തെ ചില വീടുകളുടെയും ഒന്നാം നില വെള്ളത്തില്‍ മുങ്ങി. ഇന്നലെ രാത്രിമുതല്‍ നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയും വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി. ഈ വെള്ളവും ടൗണിലേക്കാണ് ഒഴുകിയെത്തിയത്.

നിലമ്പൂര്‍ കെ.എന്‍.ജി റോഡ്, ജനതപ്പടി, വെളിയം തോട്, ജ്യോതിപ്പടി, എന്നിവിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണവും താറുമാറായി.

നിലമ്പൂര്‍ മേഖലയിലെ നെടുങ്കയത്ത് ഉരുള്‍പൊട്ടിയതിനാല്‍ ചാലിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കരുളായി മുണ്ടക്കടവില്‍ ഉരുള്‍പൊട്ടലുണ്ടായെങ്കിലും ആളപായമില്ല. ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. ആഡ്യന്‍പാറ വനമേഖലയിലും ഉരുള്‍ പൊട്ടിയിട്ടുണ്ട്.

കരിമ്പുഴ കരകവിഞ്ഞൊഴുകിയതോടെ കരുളായി അടക്കമുള്ള സ്ഥലങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കരുളായി ചെമ്മന്തിട്ട ക്ഷേത്രത്തിലും വെള്ളം കയറി. ചുങ്കത്തറ പൂച്ചക്കുത്ത് പ്രദേശത്ത് ഇരുപതോളം വീടുകളിലും ചുങ്കത്തറ കാലിക്കടവില്‍ ഒന്‍പതോളം വീടുകളും വെള്ളത്തിലാണ്.

ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും പലയിടങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ വിസമ്മതിക്കുകയാണ്. വെള്ളമിറങ്ങുമെന്നു കരുതി വീടുകളുടെ രണ്ടാംനിലയില്‍ കഴിയുകയാണ് പലരും. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് നീക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനവുമായി രാവിലെ മുതല്‍ തന്നെ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *