ശ്രീനഗർ :
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഏകാന്തതടവിൽ ആണെന്ന് മകൾ ഇൽറ്റിജ. പാർട്ടി പ്രവർത്തകരെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കാതെ ഹരിനിവാസിലെ സർക്കാർ ഗസ്റ്റ്ഹൗസിലാണ് മെഹബൂബയെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. ‘അമ്മയുമായി ബന്ധപ്പെടാൻ അനുവദിക്കുന്നില്ല. തന്നെ ഉൾപ്പെടെ ആരെയും കാണാൻ അനുവദിച്ചില്ല. ആശയവിനമയം ഒന്നും സാധ്യമല്ല. കാരണം ലാൻഡ് ഫോണുകളും മൊബൈൽ ഫോണുകളുമടക്കം എല്ലാം നിശ്ചലമാണ്’- മെഹബൂബയുടെ മകൾ ഇൽറ്റിജ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയേയും ഒമർ അബ്ദുള്ളയേയും കരുതൽ തടങ്കലിലാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കൊള്ളക്കാരും ക്രിമിനലുകളുമായാണ് കൈകാര്യം ചെയ്യുന്നതെന്നും ഇൽറ്റിജ പറഞ്ഞു. തന്റെ അമ്മയുടെയും ഒമറിന്റെയും കാര്യം മാത്രമല്ല ഇതെന്നും കശ്മീരികളെ പീഡിപ്പിക്കാൻ അവർ ഏതറ്റംവരെയും പോകുമെന്നും ഇൽറ്റിജ കൂട്ടിച്ചേർത്തു.
മെഹബൂബ മുഖ്യമന്ത്രിയായിരിക്കെ ജെ. കെ. ബാങ്കില്‍ നടന്ന ചില നിയമനങ്ങളില്‍ പങ്കുണ്ടോ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ അഴിമതി വിരുദ്ധ വിഭാഗം മെഹബൂബയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, ഇതില്‍ താന്‍ ആശ്ചര്യപ്പെടുന്നില്ലെന്നു മെഹബൂബ ട്വിറ്ററില്‍ പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കളെയും പ്രതികരണത്തിനുശേഷിയുള്ളവരെയും നിശബ്ദരാക്കാനാണ് ശ്രമിക്കുന്നതെന്നും ഈ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും മെഹബൂബ പറഞ്ഞു.