Sat. Apr 20th, 2024

 

തൃശൂര്‍:

യുവ സംവിധായകനെ മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകന്‍ നിഷാദ് ഹസനെയാണ് തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു വെച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.

ഭാര്യക്കൊപ്പം കാറില്‍ ഗുരുവായൂരിലേക്കു പോവുകയായിരുന്നു നിഷാദ്. വഴിയില്‍ വെച്ച് മറ്റൊരു കാറില്‍ പിന്നാലെയെത്തിയ സംഘം ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. നിഷാദിനെ മര്‍ദിച്ചവശനാക്കിയ ശേഷം അക്രമിസംഘം കാറില്‍ കയറ്റിക്കൊണ്ടു പോയി. സംഭവ സ്ഥലത്ത് നിന്നും ഭാര്യയാണ് വീട്ടുകാരെയും സുഹൃത്തുക്കളെയും വിവരമറിയിച്ചത്.

ആക്രമണത്തിനിടെ നിഷാദിന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ തൃശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയിലാണ്. നിഷാദ് സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന വിപ്ലവം ജയിക്കാനുള്ളതാണ് എന്ന പുതിയ സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്കു പോവുകയായിരുന്നു ഇരുവരും.

തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ നിഷാദ്ഹസന്‍ ഏറെനാളായി സിനിമാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ്. നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികളും സംവിധാനം ചെയ്ത ശേഷം ഇതാദ്യമായാണ് വലിയ സിനിമ സംവിധാനം ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് ഒറ്റ ഷോട്ടില്‍ രണ്ടര മണിക്കൂര്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ് സിനിമ. ഇതിനെ തുടര്‍ന്ന് വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമക്ക് യു.ആര്‍.എഫ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഈ സിനിമയുടെ മുന്‍ നിര്‍മാതാവ് സി.ആര്‍. രണദേവിനെയാണ് സംശയമെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു. രണദേവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പേരാമംഗലം പൊലീസ് അറിയിച്ചു. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് രണദേവും നിഷാദും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സിനിമയുടെ റിലീസിനെയും ഈ തര്‍ക്കം ബാധിച്ചിരുന്നു. ഇതാവാം സംഭവത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പേരാമംഗലം സി.ഐ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *