Thu. Jan 23rd, 2025
ഡല്‍ഹി:

ഉന്നാവ് കേസില്‍ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാഹനാപകടക്കേസ് ഉള്‍പ്പെടെ അഞ്ച് കേസുകളുടെയും വിചാരണ സുപ്രീംകോടതി ലക്നൗ സി.ബി.ഐ. കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി.

വാഹനാപകടക്കേസിന്റെ അന്വേഷണം 7 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു.വിചാരണയ്ക്കായി പ്രത്യേക ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ദിനംപ്രതി വിചാരണ നടത്തി വിധി പ്രസ്താവിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. ഒരു മാസം സമയം വേണമെന്ന സി.ബി.ഐ.യുടെ ആവശ്യം തള്ളിയാണ് കോടതിയുടെ നടപടി. ഈ രാജ്യത്ത് എന്താണു നടക്കുന്നതെന്നും കോടതി ചോദിച്ചു.

ഇരയായ പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടി, അഭിഭാഷകന്‍, പെണ്‍കുട്ടിയുടെ മാതാവ്, നാല് സഹോദരങ്ങള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് 24 മണിക്കൂറും കേന്ദ്രസേനയുടെ സുരക്ഷ നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റിയേക്കും. ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു. പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് തടസ്സമില്ലെന്ന് കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തോട് ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കണമെന്നും കുടുംബം ആഗ്രഹിക്കുന്നെങ്കില്‍ പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അഭിഭാഷകന്റെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇരുവരും വെന്റിലേറ്ററിലാണ്. അതിനിടെ, വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഉന്നാവ് കേസില്‍ പ്രതിയായ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സെന്‍ഗറിനെ ബി.ജെ.പി. പുറത്താക്കി. സംഭവത്തിന് ശേഷവും എം.എല്‍.എ.യെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തതാണ് എന്ന ന്യായീകരണമായിരുന്നു ബി.ജെ.പി.യുടേത്.

2017 ജൂണ്‍ മൂന്നാം തീയതിയാണ് കുല്‍ദീപ് സെംഗാര്‍ എം.എല്‍എ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്നത്. അയല്‍ക്കാരിയായ ശശി സിങ്ങ് ജോലി വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് ബി.ജെ.പി. എം.എല്‍.എ.യായ കുല്‍ദീപ് സെംഗാറുടെ വീട്ടിലെത്തിച്ചെന്നും ശശി സിങ് മുറിക്ക് കാവല്‍ നില്‍ക്കെ എം.എല്‍.എ. ബലാല്‍സംഗം ചെയ്‌തെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. ജൂണ്‍ 11ന് പെണ്‍കുട്ടിയെ കാണാതായി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 20ന് ഓരിയ ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. കോടതിക്ക് മുമ്പാകെ ഹാജരാക്കപ്പെട്ട പെണ്‍കുട്ടി സി.ആര്‍.പി.സി. സെക്ഷന്‍ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്തി.

എം.എല്‍.എ.യുടെ സഹോദരനും കൂട്ടാളികളും കൂടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി, എം.എല്‍.എ.യുടെ പേര് പറയാന്‍ പൊലീസ് അനുവദിച്ചില്ലെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. പൊലീസ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. എം.എല്‍.എ.ക്കും സഹോദരന്‍ അതുല്‍ സിങ്ങിനുമെതിരെ ബലാല്‍സംഗ കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതികള്‍.

2018 ഫെബ്രുവരി 24ന് സി.ആര്‍.പി.സി. സെക്ഷന്‍ 156(3) പ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഉന്നാ സി.ജെ.എം കോടതിയെ സമീപിച്ചു. അമ്മയുടെ ഹര്‍ജി കോടതി പരിഗണിച്ച ദിവസം, കുടുംബത്തോടൊപ്പം കോടതിയിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ എം.എല്‍.എ.യുടെ സഹോദരന്‍ അതുല്‍ സിങ്ങും കൂട്ടാളികളും മര്‍ദ്ദിച്ചവശനാക്കി പൊലീസിനു കൈമാറി. അനധികൃതമായി ആയുധം കൈവെച്ചെന്ന് കേസ് ചാര്‍ജ്ജ് ചെയ്ത് പൊലീസ് അച്ഛനെ അറസ്റ്റു ചെയ്തു. എം.എല്‍.എ.യുടെ സഹോദരനും ഗുണ്ടകളും തന്നെ മര്‍ദ്ദിച്ചെന്നും എം.എല്‍.എ.യുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു.

2018 ഏപ്രിലില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തി ഇതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ഏപ്രില്‍ 9ന് പൊലീസ് തടവിലാക്കിയിരുന്ന പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയില്‍ മരിച്ചു. സംഭവത്തില്‍ എസ്.ഐ ഉള്‍പ്പെടെ 6 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ച കുറ്റത്തിന് എം.എല്‍.എ. കുല്‍ദീപ് സെംഗാറുടെ 4 കൂട്ടാളികളെ പൊലീസ് അറസ്റ്റു ചെയ്തു.

പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാന്‍ വ്യാജ രേഖ ചമച്ചുവെന്ന കേസില്‍ പൊലീസ് പെണ്‍കുട്ടിയുടെയും അമ്മയുടെയും അമ്മാവന്റെയും പേരില്‍ എഫ.്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസിലെ പ്രതിയായ ശശി സിങ്ങിന്റെ ഭര്‍ത്താവ് കൊടുത്ത പരാതിയെതുടര്‍ന്നായിരുന്നു ഇത്. എം.എല്‍.എ.യുടെ സഹോദരന്‍ അതുല്‍ സിങ് കൊടുത്ത പരാതിയിന്‍മേലുള്ള കേസില്‍ പെണ്‍കുട്ടിയുടെ അമ്മാവന് 10 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു.

ഈ വര്‍ഷം ജൂലൈ 28ന് ജയിലില്‍ കഴിയുന്ന അമ്മാവനെ കാണാന്‍ പോകാന്‍ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ അമിത വേഗത്തില്‍ വന്ന ട്രക്ക് ഇടിച്ചു. അപകടത്തില്‍ പെണ്‍കുട്ടിയുടെ മാതൃസഹോദരിയും പിതൃസഹോദരിയും മരിച്ചു, മറ്റ് 2 പേര്‍ക്കും മാരകമായി പരിക്കേറ്റു, പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് ഇപ്പോള്‍. പെണ്‍കുട്ടിയുടെ സുരക്ഷാദ്യോഗസ്ഥര്‍ അപകട സമയത്ത് വാഹനത്തില്‍ ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *