Fri. Apr 26th, 2024

സൊമറ്റോ, ഊബര്‍ ഈറ്റ്‌സു ബോയ്‌കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ ട്വിറ്ററില്‍ വന്‍ പ്രചാരണം നടത്തുന്നു. ഡെലിവറി ബോയ് അഹിന്ദുവാണെന്ന് അറിഞ്ഞ് വാങ്ങിയ ഭക്ഷണം വേണ്ടെന്ന് വച്ച ഉപഭോക്താവിനോട് ഭക്ഷണത്തിന് മതമില്ലെന്ന് സൊമറ്റോ പറഞ്ഞിരുന്നു. സൊമറ്റോയേ പിന്തുണച്ച ഊബര്‍ ഈറ്റ്‌സുമാണ് ഇപ്പോള്‍ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ട്വിറ്ററില്‍ ഇരു കമ്പനികളെയും ബോയ്‌കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുത്വ വാദികള്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ബോയ്‌കോട്ട് ഊബര്‍ ഈറ്റ്‌സ്, ബോയ്‌കോട്ട് സൊമാറ്റോ ട്വീറ്റുകള്‍ ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗാണ്.

‘ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട. ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി,’ അമിത് ശുക്ല എന്നയാള്‍ ട്വീറ്റ് ചെയ്തു.

ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു ‘സൊമാറ്റോ’ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ സൊമാറ്റോയുടെ നിലപാടിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഊബര്‍ ഈറ്റ്‌സ് ഇന്ത്യയും രംഗത്തെത്തി. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇരുകമ്പനികള്‍ക്കും എതിരെ ബോയ്‌കോട്ട് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വ വാദികള്‍.

Leave a Reply

Your email address will not be published. Required fields are marked *