Wed. Nov 6th, 2024
തിരുവനന്തപുരം:

രണ്ടു തവണ മാറ്റി വച്ച പ്രളയ സെസ് ആഗസ്റ്റ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. 12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. ജി.എസ്.ടിക്കു പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പന എന്നിവയ്ക്കും സെസ് നല്‍കേണ്ടി വരില്ല.

ഹോട്ടല്‍ ഭക്ഷണം, ട്രെയിന്‍ യാത്ര, ബസ് യാത്ര എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ക്കും 1% സെസുണ്ട്. സ്വര്‍ണത്തിന് കാല്‍ ശതമാനമാണു സെസ്. ഒരു വര്‍ഷം കൊണ്ട് 500 കോടി രൂപ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. രണ്ട് വര്‍ഷം കൊണ്ട് മൊത്തം 1000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനായി സെസ് ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ സെസ് പ്രബല്യത്തില്‍ വരുത്താന്‍ തീരുമാനം എടുത്തെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. പ്രളയസെസ് ഈടാക്കുന്നതിനുള്ള മാറ്റങ്ങള്‍ ബില്ലിങ് സോഫ്‌റ്റ്വേറുകളില്‍ വരുത്താന്‍ നികുതി വകുപ്പ് വ്യാപാരികളോട് നേരത്തേതന്നെ അഭ്യര്‍ഥിച്ചിരുന്നു. അതത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട ഫോം മുഖേന www.keralataxes.gov.in എന്ന വെബ്‌സൈറ്റുവഴി സമര്‍പ്പിക്കാനും സംസ്ഥാന ജി.എസ്.ടി. കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *