Thu. Apr 25th, 2024
#ദിനസരികള്‍ 834

കലാകൗമുദി നടത്തിയ ഒരു അഭിമുഖത്തില്‍ ആറ്റൂര്‍ രവിവര്‍മ്മ ഇങ്ങനെ പറഞ്ഞു –“എനിക്ക് മൗനമാണ് ഇഷ്ടം. പുലര്‍ച്ചയ്ക്കോ വൈകുന്നേരമോ നടപ്പാതകളിലൂടെ നടത്തം. ഞാന്‍ മാത്രം. ഞാനുമില്ല. ഒപ്പം വാക്കുകള്‍. മൗനത്തില്‍ നിന്നാണ് എന്റെ കവിത പിറക്കുന്നത്. ഹിമാലയ മൗനത്തിന്റെ വ്യാസ ഗുഹ. സംഗീതത്തിന്റെ ചുറ്റും മൗനമുണ്ട്. ഞാന്‍ മൗനം ശീലിക്കുന്നു. ആള്‍‌ക്കൂട്ടത്തില്‍ പെട്ടാലും.. അതുകൊണ്ടാകാം നിങ്ങള്‍ സംശയിച്ചതുപോലെ ഞാന്‍ നിശബ്ദനായിപ്പോയത്.”

ഞാന്‍ ആദ്യമായി വായിക്കുന്ന ആറ്റൂരിന്റെ കവിത ജ്യേഷ്ഠന് പഠിക്കാനുണ്ടായിരുന്ന ഹൈസ്കൂള്‍ പുസ്തകത്തില്‍ ഉള്‍‌പ്പെടുത്തിയിരുന്ന ‘ഓട്ടോവിന്‍ പാട്ട്’ ആയിരുന്നു. പ്രത്യേകിച്ച് ഒന്നും തന്നെ മനസ്സിലായില്ലെങ്കിലും ചെറിയ ചെറിയ വരികളില്‍ ഒരു പഴുതാര പോലെ അച്ചടിച്ചു വെച്ചിരിക്കുന്ന ആ കവിതയ്ക്ക് ഒരു താളമുണ്ടായിരുന്നു.:-

         ‘പഴയൊരില്ലം

       പൊളിച്ചുവിറ്റു

       പുതിയൊരോട്ടോ

       റിക്ഷ വാങ്ങി

       പുളിമനയ്ക്കല്‍

       കുഞ്ഞിക്കുട്ടന്‍

ഗണപതി എന്നു പേരിട്ട ആ ഓട്ടോറിക്ഷ കുഞ്ഞിക്കുട്ടന് കെടുതികള്‍ മാത്രം സമ്മാനിച്ചു.

       ഊണിന്നും

       ചിലവായി

       ഉടുപ്പിന്നും

       ചിലവായി

       മരുന്നിനും

       ചിലവായി

       വിരുന്നിനും

       ചിലവായി

       അങ്ങനെ

       ഓടിയിട്ടും

       ഓടിയിട്ടും

       എത്തുന്നില്ല

       കുഞ്ഞിക്കുട്ടന്‍

       വിളിച്ചിട്ടും

       വിളിച്ചിട്ടും

       കേട്ടീലാ’

ഉണ്ണിക്കണ്ണന്‍ എന്ന പരുവത്തിലായി കാര്യങ്ങള്‍. എന്നു മാത്രവുമല്ല ഗുരുവായൂരപ്പന്റെ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ത്തന്നെ കിടധിം എന്നു വഴിയിലുമായി. പിന്നീടാണ് വണ്ടിയുടെ പേര് ഭദ്രകാളി എന്ന് മാറ്റപ്പെടുന്നത്. അതോടെ നല്ല കാലമാകുന്നു. കുഞ്ഞിക്കുട്ടന്റെ ജീവിതം രക്ഷപ്പെടുന്നു. ഓട്ടോവിന്‍ പാട്ട് ഉന്നംവെയ്ക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചോ പഴമയും പുതുമയുമായി നടത്തുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചോ ഇല്ലം പൊളിച്ചു വിറ്റ് നമ്പൂതിരി ഓട്ടോറിക്ഷക്കാരനായി മാറുന്നതിന്റെ രാഷ്ട്രീയത്തെക്കുറിച്ചോ മനസ്സിലായിട്ടൊന്നുമല്ല, മറിച്ച് മുറുകിയ താളത്തില്‍ കുറുവരികളിലൂടെ പേജിന്റെ മധ്യഭാഗത്തു വിന്യസിക്കപ്പെട്ടിരുന്ന കവിതയുടെ രൂപമാണ് വായിച്ചു നോക്കാന്‍ എന്നെ പ്രേരിപ്പിച്ച ഒരേയൊരു ഘടകം.

പിന്നീട് പല ഓണപ്പതിപ്പുകളിലൂടേയും വീണ്ടും വീണ്ടും കവിതയുമായി ആറ്റൂര്‍ വന്നു കയറി. പോകെപ്പോകെ ആറ്റൂരെന്ന കവി സുപരിചതനായെങ്കിലും ഒരു മനസ്സിലാകായ്കയായി ആ കവിത അവശേഷിച്ചു. എന്നാലും വായനക്കാരനെ വലിച്ചടുപ്പിക്കുന്ന കൊളുത്തിവലിക്കുന്ന മാസ്മരികതയായി ആറ്റൂരിന്റെ കവിത തിളച്ചു നിന്നു.

ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് കാമ്പു മാത്രമായി കൊത്തിയെടുക്കാന്‍ ഒരസാധാരണമായ ശേഷിയുണ്ട്. എന്നിട്ടോ അവിടം കൊണ്ടും അദ്ദേഹം അവശേഷിപ്പിക്കുന്നില്ല. കാമ്പിലേക്കും തന്റെ കരവിരുതു നീളുന്നു. വൃഥാസ്ഥൂലതകൊണ്ട് മുഷിപ്പിക്കുന്ന ഒരംശത്തേയും അദ്ദേഹം എങ്ങും അവശേഷിപ്പിക്കുന്നില്ല. അവയെയൊക്കെ കൊത്തിയെടുത്തു മാറ്റുന്നു, തിളക്കമേറ്റാന്‍ വീണ്ടും വീണ്ടും മിനുക്കിയെടുക്കുന്നു. ഒരു പക്ഷേ ഈ തിളക്കത്തിന്റെ അസാധാരണമായ പ്രഭാപ്രസരം തന്നെയാകാം വായനക്കാരന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചു നിറുത്തുന്നത് അന്ധതയിലേക്ക് ആനയിക്കുന്നത്. ബലമായി തുറന്നു പിടിച്ച് നാം വെളിച്ചങ്ങളെ കോരിയെടുക്കാന്‍ ശ്രമിച്ചാലോ ? അത്ഭുതങ്ങള്‍ അവിടെയാണ് ആരംഭിക്കുന്നത്.

       മോക്ഷമു എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.

       ‘കാവേരി തുടരുന്നു

       തിരുച്ചിയില്‍ , തഞ്ചാവൂരില്‍ , കുംഭകോണത്തില്‍

       തെന്നാഫ്രിക്കയില്‍ ശ്രീലങ്കയില്‍’

കാവേരിയലയുന്നു – കാവേരി ലോകത്തിന്റെ ഓരോ അടരുകളിലേക്കും കേറിപ്പടര്‍ന്ന് വിടര്‍ന്ന് വിലസുന്നതുപോലെ വിശ്വമാകെ വ്യാപിച്ചു നില്ക്കുന്ന മാനുഷ്യകത്തിന്റെ വക്താവായി കവി മാറുന്ന അത്ഭുതമാണ് നമ്മെ കാത്തിരിക്കുന്നത്.

‘വയസ്സ് മുപ്പത്തഞ്ചായി

വാങ്ങീ പത്തിങ്ക്രിമെന്റുകള്‍

ഉറക്കം കുറവാണില്ലാ’

രുചി, കേറി കഷണ്ടിയും – എന്ന വേവലാതി ഒരാളുടെ കഥയല്ല, മുപ്പത്തഞ്ചായ ഏതൊരാളുടേയും കഥയാകുന്നത് അങ്ങനെയാണ്.

“മനുഷ്യന് ഭാവിയുണ്ടെങ്കില്‍ കവിതയ്ക്കും ഭാവിയുണ്ടെന്ന്” പറഞ്ഞ , പറഞ്ഞു കൊണ്ടേയിരിക്കുന്ന കവിയാണ് , കവിതയാണ് ആറ്റൂര്‍ 

ആറ്റൂര്‍ മരിച്ചു. അതിനും രണ്ടാഴ്ചമുമ്പ് ആറ്റൂരിനെക്കുറിച്ച് അനിതാ തമ്പി എഴുതിയ ഒരു കവിതയില്‍ “മൊഴിമാറ്റിയ മൌനത്തിന്റെ മാറ്റ്” എന്നൊരു പ്രയോഗമുണ്ട്. ആറ്റൂരിന്റെ കവിതയെ മലയാളത്തില്‍ ഇതിലും മനോഹരമായി അടയാളപ്പെടുത്തുക അസാധ്യമാണ്.

എന്തല്ല കവിത എന്ന് പഠിപ്പിച്ച ആറ്റൂരിന് നന്ദി.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *