ഡല്‍ഹി:
ഉന്നാവ് കേസ് പെണ്‍കുട്ടിയുടെ അമ്മ കോടതിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിന്‍ സുപ്രീം കോടതി നാളെ കേസ് കേള്‍ക്കും. ഈ മാസം 12ന് അയച്ച കത്ത് കിട്ടാന്‍ വൈകിയതില്‍ സുപ്രീംകോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടി.
ഉന്നാവ് കേസിലെ പെണ്‍കുട്ടിയും കുടുംബവും കോടതിക്ക് അയച്ച കത്തുകള്‍ ഇതുവരെ ചീഫ് ജസ്റ്റിസിന് ലഭ്യമായിട്ടില്ല. കത്തിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇന്നലെയാണ് കത്തിനെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയത്. ബലാത്സംഗക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുല്‍ദീപ് സിംഗ് സെംഗാര്‍ എം.എല്‍.എ.യുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്ന കാര്യം സൂചിപ്പിച്ചാണ് പെണ്‍കുട്ടിയും അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്ന് കത്തയച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സുപ്രീംകോടതി സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെത്തന്നെ ഈ റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടേക്കും. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്‍നടപടികള്‍ ചീഫ് ജസ്റ്റിസ് ആലോചിക്കുക എന്നാണ് വിവരം.