പത്തനംതിട്ട:
പത്തനംതിട്ട നഗരത്തിൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി ജീവനക്കാരൻ അക്ഷയ് പട്ടേൽ കസ്റ്റഡിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ കോഴഞ്ചേരിക്ക് സമീപത്ത് വെച്ചാണ് പിടിയിലായത്.
പത്തനംതിട്ട മുത്താരമ്മൻ കോവിലിന് സമീപമുള്ള കൃഷ്ണ ജ്വല്ലറിയില്‍ നിന്നും കവർച്ച സംഘം നാലരക്കിലോ സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയുമാണ് കൈക്കലാക്കിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കവര്‍ച്ച നടത്തിയത്. ജ്വല്ലറിയിലെ സന്തോഷ് എന്ന ജീവനക്കാരനെ ബന്ധനസ്ഥനാക്കിയ ശേഷമായിരുന്നു കവർച്ച. ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മഹാരാഷ്ട്രാ സ്വദേശിയായ അക്ഷയ് പട്ടേല്‍, അടുത്തകാലത്താണ് ജോലിയിൽ പ്രവേശിച്ചത്. ഓട്ടോറിക്ഷയിൽ റിംഗ് റോഡിലെത്തിയ മോഷണസംഘം അവിടെ നിർത്തിയിട്ടിരുന്ന സ്കോർപ്പിയോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിലെ സി.സി.ടി.വി. ക്യാമറയുടെ ഹാർഡ് ഡിസ്കും കവർച്ച സംഘം എടുത്തുകൊണ്ടു പോയിരുന്നു.
ഞായറാഴ്ച ജ്വല്ലറി അവധിയായിരുന്നു, ഒരാള്‍ സ്വര്‍ണം ആവശ്യപ്പെട്ടതനുസരിച്ച് അയാള്‍ക്കുവേണ്ടി തുറക്കുകയായിരുന്നു. എന്നാൽ, ജ്വല്ലറിയുടെ ലോക്കര്‍ തുറന്നയുടനെ നാലംഗ സംഘം കടയിലേക്ക് അതിക്രമിച്ചു കയറി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രാ സ്വദേശിയായ സുരേഷ് സേട്ട് ആണ് ജ്വല്ലറി ഉടമ.