തിരുവനന്തപുരം:
അമ്പൂരിയിലെ രാഖി വധക്കേസിലെ രണ്ടാം പ്രതി രാഹുലിനെ ഓഗസ്റ്റ് ഒന്‍പത് വരെ കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ കുറ്റകരമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത് കേസിലെ രണ്ടാംപ്രതി രാഹുലാണെന്നും പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളുടെ വീട് കാണാനെന്ന വ്യാജേനയായിരുന്നു രാഖിയെ കാറില്‍ കയറ്റിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാറിന്റെ സീറ്റിൽ നിന്നും രാഹുലായിരുന്നു ആദ്യം കഴുത്ത് ഞെരിച്ചത്, കുട്ടി അവശയായതിനുശേഷം, ഡ്രൈവിംഗ് സീറ്റിലിരിക്കുകയായിരുന്ന അഖില്‍ പിന്‍ സീറ്റിലേക്ക് വന്ന്, പ്ലാസ്റ്റിക് കയര്‍ കൊണ്ട് രാഖിയുടെ കഴുത്ത് വരിഞ്ഞു മുറുക്കി. കുട്ടി കൊല്ലപ്പെട്ടതോടെ നേരത്തെ തയാറാക്കിവച്ച കുഴിയില്‍ ശവശരീരം മറവു ചെയ്യുകയായിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ മെയ് മാസം അവസാനം തന്നെ അഖിലുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ പ്രതികൾ രാഖിയെ നിർബന്ധിച്ചിരുന്നു.എന്നാൽ രാഖി അത് അനുസരിച്ചില്ല. തുടര്‍ന്നാണ്, പ്രശ്നം കൊലപതകത്തിൽ കലാശിച്ചത്. രാഖിയുടെ വസ്ത്രങ്ങളടക്കമുള്ളവ കത്തിച്ച് കളഞ്ഞതായി പിന്നീട് പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍, രാഖിയുടെ മൊബൈല്‍ ഫോണ്‍, ബാഗ് എന്നിവ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചുവെന്നാണ് മൂന്നാംപ്രതി ആദര്‍ശടക്കം ആദ്യം മൊഴി നല്‍കിയിരുന്നത്. ഈ പരസ്പര വിരുദ്ധത സംബന്ധിച്ചും പോലീസ് അന്വേക്ഷണം പുരോഗമിക്കുന്നുണ്ട്. പ്രതികൾ മൂന്നു പേരെയും സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.
അഖിലിനെ നാണം കെടുത്തുമെന്ന് രാഖി പലവട്ടം പറഞ്ഞിരുന്നതായും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മുൻപ്, പ്രതികളുടെ ബന്ധുകള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് രാഖിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. മൃതദേഹം മറവുചെയ്ത സമയത്ത് രാഹുലിന്റെ അച്ഛനും ഇവർക്കൊപ്പമുണ്ടായിരുന്നതായി പ്രദേശവാസികള്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അഖിലിന്റെ ബന്ധുക്കള്‍ക്കെതിരേയും പോലീസ് അന്വേഷണം പുരോഗമിക്കാൻ സാധ്യതയുണ്ട്.