Fri. Mar 29th, 2024
ന്യൂഡൽഹി:

ഡി.ജി.പി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. കേന്ദ്രസർവീസിലെ ഉദ്യോഗസ്ഥനെ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെ ഇത്രയും നാൾ സസ്‌പെൻഡ് ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ട്രിബ്യൂണലിന്റെ ഡിവിഷൻ ബെഞ്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ഒന്നര വർഷമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്. സർക്കാരിന് കനത്ത തിരിച്ചടിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഈ ഉത്തരവ്. അടിയന്തരമായി അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കേണ്ടി വരും.

പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വിജിലൻസ് ഡയറക്ടറായി നിയമനം ലഭിച്ച ജേക്കബ് തോമസ് പിന്നീട് സർക്കാരിന് അനഭിമതനായി മാറുകയായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ പിന്തുടർന്ന് ആക്രമിക്കുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്. തുടർന്ന് സ്വയം വിരമിക്കലിന് ജേക്കബ് തോമസ് സർക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാൽ ഇതിനെ സംസ്ഥാന സർക്കാർ എതിർക്കുകയും ചെയ്തു. സർക്കാരിനെ വിമർശിച്ചതിനും സർവീസ് ചട്ടലംഘനത്തിനും സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നു കേരളം കേന്ദ്ര സർക്കാരിനെ അറിയിക്കുകയായിരുന്നു. സസ്പെൻഷനു കാരണമായ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണു കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്. ഇതേത്തുടർന്ന് സ്വയം വിരമിക്കലിനുള്ള ജേക്കബ് തോമസിന്റെ അപേക്ഷ കേന്ദ്രം തള്ളിയിരുന്നു. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഇനിയും മാസങ്ങളോളം സർവീസ് ബാക്കിയുണ്ട്.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മാസം മുതൽ സസ്പെൻഷനിലാണ്. ഓഖി ദുരിതാശ്വാസത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്പെൻഷൻ. പിന്നാലെ ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനും വിമർശനം നടത്തിയതിനും ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്പെൻഡ് ചെയ്തു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകൾ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരിൽ മൂന്നാമതും സസ്പെൻഷൻ ലഭിച്ചു.

ഇതിനെതിരെ അദ്ദേഹം കേന്ദ്രസർക്കാരിനെയും അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും സമീപിക്കുകയായിരുന്നു. തന്റെ സസ്‌പെൻഷൻ ചട്ടവിരുദ്ധമാണെന്നും ഇക്കാര്യം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വാദം കേട്ട ട്രിബ്യൂണൽ ജേക്കബ് തോമസിനെ അടിയന്തരമായി തിരിച്ചെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർച്ചയായ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിക്കാൻ ആവില്ലെന്നും ട്രിബ്യൂണൽ തങ്ങളുടെ ഉത്തരവിൽ കൂട്ടിച്ചേർത്തു.

അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ലെന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാർഗം അകത്തുള്ളവർ തന്നെ പുറത്തുപറയുക എന്നതാണ്. നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *