കര്‍ണ്ണാടക:
പുതുതായി അധികാരമേറ്റ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭൂരിപക്ഷം ജൂലൈ 31നുള്ളില്‍ തെളിയിക്കണമെന്ന് നിര്‍ദേശം. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ 225 അംഗ സഭയില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. നേരത്തെ കുമാരസ്വാമി സര്‍ക്കാറിനൊപ്പമുണ്ടായിരുന്ന രണ്ട് സ്വതന്ത്രര്‍ ഇതിനകം തന്നെ ബി.ജെ.പിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അങ്ങനെവരുമ്പോള്‍ 106 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്.
വിമത എം.എല്‍.എ.മാരുടെ കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് തീരുമാനം എടുക്കും. അയോഗ്യതക്കാണ് സാധ്യത. രമേഷ് ജര്‍കിഹോളി, മഹേഷ് കുമട്ഹള്ളി, ആര്‍. ശങ്കര്‍ എന്നിവര്‍ അയോഗ്യരായതോടെ വിമത എംഎല്‍എമാര്‍ ആശങ്കയിലാണ്. അയോഗ്യരായാല്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ ഭാഗമാവാനാകില്ല. എന്നാല്‍ വിമതര്‍ക്കെതിരെ നടപടികള്‍ വേഗത്തിലാവണമെന്ന നിലപാടിലാണ് ബി.ജെ.പി. രാജി സ്വീകരിച്ചാലും അയോഗ്യരാക്കിയാലും 105 അംഗങ്ങള്‍ ഉള്ള ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തില്‍ എത്താം.
എന്നാല്‍ സ്പീക്കറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യദ്യൂരപ്പ സര്‍ക്കാറിന്റെ ഭാവി തീരുമാനിക്കപ്പെടുക. 16 പേരില്‍ മൂന്നുപേരെ സ്പീക്കര്‍ അയോഗ്യരാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 13 എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിക്കുകയാണെങ്കില്‍ 209 ആയി സഭയിലെ ആകെ അംഗബലം കുറയുകയും യദ്യൂരപ്പ സര്‍ക്കാറിന് കേവലഭൂരിപക്ഷം ലഭിക്കുകയും ചെയ്യും.വിമതരുടെ രാജി സ്പീക്കര്‍ സ്വീകരിക്കാതിരിക്കുകയും വിശ്വാസ വോട്ടെടുപ്പ് സമയത്ത് ഇവര്‍ ബി.ജെ.പിയെ പിന്തുണയ്ക്കുകയും ചെയ്താലും യെദ്യൂരപ്പ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ കഴിയും.
വിമതര്‍ പിന്തുണച്ചേക്കുമെന്ന സൂചനയാണ് ബി.ജെ.പി നേതാവ് ശോഭാ കലന്തരജെ നല്‍കിയത്.യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ ഹൈക്കമാന്റ് അതിനെ പിന്തുണച്ചിട്ടുണ്ട്. നിയമസഭയിലെ അംഗബലം ഒരു പ്രശ്‌നമല്ല. വിമത എം.എല്‍.എമാര്‍ അവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കും. അവര്‍ക്ക് ബി.ജെ.പിയില്‍ ചേരാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യും.’ എന്നായിരുന്നു ശോഭ പറഞ്ഞത്.
പാര്‍ട്ടി എംഎല്‍എമാര്‍ക്കിടയില്‍ രണ്ട് അഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കി പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ജെഡിഎസ് നേതാവ് ജി ടി ദേവഗൗഡ രംഗത്തെത്തിയത്. പ്രതിപക്ഷത്തിരിക്കുക, അല്ലെങ്കില്‍, ബിജെപിയെ പിന്തുണക്കുക എന്നീ നിലപാടുകളില്‍ ഏത് വേണം എന്ന് കുമാരസ്വാമി തീരുമാനിക്കുമെന്ന് ദേവഗൗഡ വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യം തുടരുമെന്നാണ് ജെഡിഎസ് നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം എന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു.