Sun. Dec 22nd, 2024
ന്യൂഡൽഹി:

അഴിമതിക്കാരെ സഹായിക്കുവാനാണ് വിവരാവകാശ നിയമത്തിൽ ബി.ജെ.പി. വെള്ളം ചേർക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. ‘ഇന്ത്യയിൽ മോഷണം നടത്തുന്നതിനു അഴിമതിക്കാരെ സഹായിക്കുന്നതിനാണ് കേന്ദ്രസർക്കാർ നീക്കം, അഴിമതിക്കെതിരെ ശബ്ദമുയർ‌ത്തുന്നവരെപ്പോലും ഇപ്പോൾ കാണാനില്ലെന്നത് അസാധാരണമാണെന്നും,’ രാഹുൽ ട്വിറ്ററിൽ കുറിച്ചു.

സർക്കാർ വിവരാവകാശ നിയമത്തെ കൊല്ലുന്നു  എന്ന ഹാഷ് ടാഗോടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം വന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണു ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തിവരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും വിമർ‌ശനമുന്നയിച്ചിരുന്നു. വലിയ ചർച്ചകൾക്കൊടുവിൽ പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസ്സാക്കിയ ഒരു നിയമമാണു ഇപ്പോൾ നാശത്തിന്റെ വക്കിൽനിൽക്കുന്നതെന്നും സോണിയാ ഗാന്ധി പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി.

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ മറികടന്നായിരുന്നു വിവരാവകാശ ഭേദഗതി ബിൽ രാജ്യസഭയിൽ പാസ്സാക്കിയത്. കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണു പുതിയ ഭേദഗതി. ലോക്സഭ പാസ്സാക്കിയ ബില്‍ ശബ്ദ വോട്ടോടെയാണു രാജ്യസഭയിൽ പാസ്സാക്കിയത്. സെലക്റ്റ് കമ്മറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ട് തള്ളുകയും ചെയ്തിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതിനു തുല്യമായ അധികാരവും സേവനവേതന വ്യവസ്ഥയുമാണു കേന്ദ്ര വിവരാവകാശ കമ്മിഷണർ‌ക്കും ലഭിക്കുന്നത്. സുപ്രീംകോടതി ജഡ്ജിക്കു തുല്യമാണ് ഈ പദവി. സംസ്ഥാനങ്ങളിൽ ഇതു യഥാക്രമം അവിടത്തെ തിരഞ്ഞെടുപ്പു കമ്മിഷണർക്കും ചീഫ് സെക്രട്ടറിക്കും സമമായിരുന്നു. നിയമത്തിലൂടെ സ്ഥാപിതമായ വിവരാവകാശ കമ്മിഷന്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശാധികാരങ്ങൾ വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം ഇപ്പോൾ . 2005 ജൂൺ അഞ്ചിനാണ് ആർ.ടി.ഐ. ആക്ട് പാർലമെന്റ് പാസ്സാക്കിയത്. 2005 ഒക്ടോബർ 13 മുതൽ നിയമം പ്രാബല്യത്തിൽ വരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *