തിരുവനന്തപുരം:
ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടർന്ന് സംഘപരിവാർശക്തികളുടെ ഭീഷണി നേരിടുന്ന സംവിധായകൻ അടൂരിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു. “സംഘപരിവാറിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിച്ചത് ധീരമായ നിലപാടാണ്, എല്ലാവരെയും ഭയപ്പെടുത്തലാണ് സംഘപരിവാറിന്റെ ഉദ്ദേശ്യം. അതിന്റെ ഭാഗമായുള്ള നീക്കങ്ങളാണ് ഇത്തരം പ്രസ്താവനകള്‍,” എന്ന് സന്ദര്‍ശനവേളയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. അടൂരിന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ കണ്ടത്.
“സംഘപരിവാര്‍ ഭീഷണി കേരളത്തില്‍ വിലപ്പോവില്ല, ഈ പ്രശ്‌നം വന്നപ്പോള്‍ കേരളം ഒറ്റക്കെട്ടായി അടൂരിന് പിന്നില്‍ അണിനിരന്നതാണ്. ഈ ഛിദ്രശക്തികളോട് ഒന്നേ പറയാനുള്ളു, ഇത് കേരളത്തില്‍ ചിലവാകില്ല,” മുഖ്യമന്ത്രി പറഞ്ഞു. അടൂരിന് എല്ലാവിധ പിന്തുണയും തന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജയ്ശ്രീറാം വിളിപ്പിച്ച് രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, മണിരത്‌നം, രേവതി, അപര്‍ണാ സെന്‍ തുടങ്ങിയ 49 പ്രമുഖരടങ്ങുന്ന ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തക സംഘം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെതിരെ, ജയ്ശ്രീറാം വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂരിന് ചന്ദ്രനില്‍ പോകാമെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍ പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ ചന്ദ്രനിലേക്ക് പോകാൻ ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാമെന്നായിരുന്നു അടൂർ പ്രതികരിച്ചത്.