Wed. Jan 22nd, 2025
ബാലേശ്വർ, ലാത്തൂർ, ബുന്ദേൽഖണ്ഡ്:

പ്രതീക്ഷിച്ച തരത്തിൽ വിളവെടുപ്പ് നടത്താൻ കഴിയാത്തതിനാൽ, കൃഷി ചെയ്യാനാ‍യി വായ്പയെടുക്കുന്ന തുകയുടെ, തിരിച്ചടവിൽ നേരിടുന്ന പ്രതിസന്ധി കാരണം, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം ദിനം‌പ്രതി വർദ്ധിച്ചുവരികയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി കർഷക ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഒഡീഷയിലെ ബാലേശ്വർ ജില്ലയിലെ പദ്മാപുർ ഗ്രാമത്തിലെ ഒരു കർഷകൻ, കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. അതേ ഗ്രാമത്തിൽ നിന്നുതന്നെയുള്ള ഹേമന്ത് ബെഹ്‌റയാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്.

5 ഏക്കറിൽ കൃഷി നടത്താനായി ഹേമന്ത് വായ്പയെടുത്തിരുന്നു. വിളനാശം സംഭവിച്ചതിനാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാഞ്ഞതുകൊണ്ടാണ് ബെഹ്‌റ ആത്മഹത്യ ഒരു പരിഹാരമായി തിരഞ്ഞെടുത്തത്.

ബെഹ്‌റയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരിച്ചു.

മധ്യപ്രദേശിൽ, കടക്കെണിയിലായ ഒരു കർഷകൻ അതിവേഗ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു.

വായ്പ തിരിച്ചടയ്ക്കാൻ കഴിയാഞ്ഞതിനാൽ, സാഗർ ജില്ലയിലെ ചാപ്രി നിവാസിയായ ഗോവിന്ദ് സിങ് (50) ചൊവ്വാഴ്ച ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു.

രണ്ട് ബാങ്കുകളിൽ നിന്നായി, സിംഗ് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്ന് ബന്ധുവായ രാജ്‌കുമാർ പറഞ്ഞു. ഇടയ്ക്കിടെ വായ്പ തിരിച്ചടവ് നോട്ടീസ് ലഭിക്കുന്നതിനാൽ അദ്ദേഹം ആശങ്കാകുലനായിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവായിട്ടുണ്ട്. സിങ്ങിന്റെ ആത്മഹത്യയ്ക്കു പിന്നിൽ കുടുംബവഴക്കും ആയിരിക്കാം കാരണമെന്ന് പോലീസ് പറഞ്ഞു.

കടബാധ്യതയും വരൾച്ചയും കാരണം, മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ നിന്നുള്ള 45 കാരനായ കർഷകൻ, തന്റെ കൃഷിസ്ഥലത്ത്, വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നു ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടു ചെയ്തു.

ശിവാജി പവാർ ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ കൃഷിയിടത്തിൽനിന്നും നിന്ന് കുറഞ്ഞ വിളവാണ് പവാറിനു ലഭിച്ചിരുന്നത്. അതിനാൽത്തന്നെ, സഹകരണ ബാങ്കിൽ നിന്ന് എടുത്ത വാങ്ങിയ രണ്ട് ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

വിളവിന് അനുയോജ്യമായ കാലാവസ്ഥ പ്രതീക്ഷിച്ച്, രണ്ടേക്കർ കൃഷിയിടത്ത് വിളവിറക്കാനായി, സുഹൃത്തുക്കളിൽ നിന്നും, ബന്ധുക്കളിൽ നിന്നും പവാർ കടം വാങ്ങിയിരുന്നു. പക്ഷേ ജൂലൈ ആയിട്ടും മഴയില്ലാഞ്ഞതിൽ പവാർ ദുഃഖിതനായിരുന്നു.

ലാത്തൂരിലെ രായ്‌വാഡി ഗ്രാമത്തിലെ തന്റെ കൃഷിസ്ഥലത്തുപോയി, പവാർ വിഷം കഴിക്കുകയായിരുന്നു. അബോധാവസ്ഥയിൽ പവാറിനെ കണ്ടതിനെത്തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും, അവിടെയെത്തുമ്പോഴേക്കും പവാർ മരിച്ചിരുന്നു.

അപകടമരണത്തിന് ലാത്തൂരിലെ എം.ഐ.ഡി.സി, പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ, മരിച്ചയാളുടെ കുടുംബാങ്ങളുടെയൊന്നും മൊഴി രേഖപ്പെടുത്തിയില്ലെന്നു പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

മറാത്ത്‌വാഡ, വിദർഭ പ്രദേശത്ത് ഈ വർഷം കുറഞ്ഞ തോതിലുള്ള മഴയാണ് ഇതുവരെ ലഭിച്ചത്.

ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് പ്രദേശത്ത് കാർഷിക ദുരിതം ദിനംപ്രതി വഷളാകുന്നു. നീണ്ടുനിൽക്കുന്ന വരൾച്ച കർഷകരുടെ ദുരവസ്ഥ വർദ്ധിപ്പിക്കുകയാണ്. അടയ്ക്കാത്ത വായ്പകൾക്കെതിരെ ബാങ്കുകളിൽ നിന്നും അയയ്ക്കുന്ന റിക്കവറി നോട്ടീസ് അവരുടെ വീടുകളിൽ കുന്നുകൂടുന്നതിനാൽ കടക്കെണിയിലായ കർഷകർ കടുത്ത നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.

വിളവെടുപ്പിനായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ ഒരു മാർഗ്ഗവുമില്ലാത്തതിനാൽ 65 കാരനായ ലാല ശ്രീവാസ് ഈ മാസം ആദ്യം ആത്മഹത്യ ചെയ്തു. വരൾച്ചയുടെയും മരണത്തിന്റെയും തിരിച്ചടി നേരിടാൻ ഈ കുടുംബം ഇപ്പോൾ ബുദ്ധിമുട്ടുന്നു.

“അച്ഛൻ ജൂലൈ 14 ന് മരത്തിൽ തൂങ്ങിമരിച്ചു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു ബാങ്കിൽ നിന്ന് കൃഷിക്കായി 70,000 രൂപ വായ്പയെടുത്തിരുന്നു. ഈ പ്രദേശത്ത് ദീർഘകാലമായി വരൾച്ചമൂലം, വിളകൾ നശിച്ചു, പക്ഷേ, അദ്ദേഹത്തിന്റെ കടം വർദ്ധിച്ചുകൊണ്ടിരുന്നു. അടുത്തിടെ വായ്പ തുക പലിശ സഹിതം തിരിച്ചടയ്ക്കാൻ ബാങ്ക് അദ്ദേഹത്തിനു നോട്ടീസ് നൽകിയിരുന്നു. മറ്റു മാർഗങ്ങളില്ലാതെ അദ്ദേഹം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു,” ലാൽ ശ്രീവാസിന്റെ മകൻ രാകേഷ് പറഞ്ഞു.

ബുന്ദേൽഖണ്ഡ് പ്രദേശത്തെ കർഷകർക്ക് നേരിടേണ്ടിവരുന്നത് ഒരിക്കലും അവസാനിക്കാത്ത വരൾച്ചയെയാണ്. വർഷങ്ങളോളമായി വരൾച്ച നേരിടുന്ന ബുന്ദേൽഖണ്ഡിൽ, വിളനാശം ഒരു നിത്യസംഭവമാണ്.

കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള പദ്ധതി, 2017 ൽ ആദിത്യനാഥ് സർക്കാർ ഏർപ്പെടുത്തിയിരുന്നു. അത് ലക്ഷക്കണക്കിനു കർഷകർക്ക് സഹായകമായെങ്കിലും, ഒരു വലിയ വിഭാഗത്തിന് ആനുകൂല്യം സ്വന്തമാക്കാൻ കഴിയാതെവരികയും, പ്രതിസന്ധിയിൽത്തന്നെ തുടരാൻ നിർബ്ബന്ധിതരാവുകയുമാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *