Wed. Nov 6th, 2024

ന്യൂഡൽഹി :

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യു.എ.പി.എ. നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസ്സാക്കി. ആകെ എട്ടു പേരാണ് ബില്ലിന് എതിരായി വോട്ടു ചെയ്തത്. കോൺഗ്രസും സി.പി.എമ്മും അടക്കമുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബില്ലിനെതിരെ മുസ്ലിം ലീഗ് വോട്ടു ചെയ്തു. മുസ്‌ലീം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടിയും, ഇ.ടി. മുഹമ്മദ് ബഷീറുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. എട്ടിനെതിരെ 284 വോട്ടുകള്‍ക്കാണ് ബിൽ പാസായത്.

ബില്‍ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയില്‍ വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സഭയിലുള്ളവരോട് വോട്ടു രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ബിൽ സഭയില്‍ അവതരിപ്പിച്ചത്.

പുതിയ ഭേദഗതി

ഭീകര പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയേയും ‘ഭീകരന്‍’ എന്ന് പരിഗണിക്കാൻ അന്വേഷണ ഏജൻസിക്ക് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. സംഘടനകള്‍ക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും, സര്‍ക്കാറിനും വിപുലമായ അധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍.

ഭീകരപ്രവർത്തനത്തിന്‍റെ പേരിൽ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്‍റെ സഹായമോ ഇടപെടലോ ഇല്ലാതെ എൻ.ഐ.എ ക്ക് കണ്ടുകെട്ടാനുള്ള അനുവാദം നൽകുന്ന വ്യവസ്ഥകളും യു.എ.പി.എ. നിയമഭേദഗതി ബില്ലിലുണ്ട്. ഭീകര പ്രവര്‍ത്തനം സംബന്ധിച്ച കേസുകളിൽ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളവർക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ളവര്‍ക്ക് വിട്ടുകൊടുക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.ഇന്‍സ്‌പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉള്ളവര്‍ക്ക് കേസ് അന്വേഷിക്കാനുള്ള അധികാരം ബില്ല് എന്‍ഐഎക്ക് നല്‍കുന്നുണ്ട്.

വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന വകുപ്പ് അമേരിക്കയും, പാകിസ്താനും, ചൈനയും, ഇസ്രയേലും അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടെന്ന് ബില്ലിനെ അനുകൂലിച്ചുകൊണ്ട് ആഭ്യന്തമന്ത്രി അമിത് ഷാ വ്യക്തമാക്കി. അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്കും അവരെ അനുകൂലിക്കുന്നവര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു കരുണയും ലഭിക്കില്ലെന്നും അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കി.

നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഈ നിയമം വിയോജിക്കുന്നവരുടേയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും വായ മൂടിക്കെട്ടാനാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. എതിരഭിപ്രായങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്താന്‍ വേണ്ടി യു.എ.പി.എ നിയമം ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് നിയമരാഹിത്യത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുക എന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് യു.എ.പി.എ ബില്ലെന്നും ജുഡീഷ്യല്‍ അവകാശങ്ങള്‍ക്കെതിരാണിതെന്നും അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി.
ബിൽ സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരതയാണെന്നും എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗപ്പെടുത്തുകയെന്നും വി.സി.കെ. അംഗം തോൽ തിരുമവളൻ ആരോപിച്ചു. നിരപരാധികളെ പീഡിപ്പിക്കാൻ നിയമം ഉപയോഗിക്കപ്പെടാമെന്ന് എൻ.കെ പ്രേമചന്ദ്രൻ ആശങ്ക പ്രകടിപ്പിച്ചു.

കര്‍ക്കശ നിയമമാണ് പ്രശ്‌നങ്ങള്‍ക്കു പരിഹാരമെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് കോൺഗ്രസ്സ് നേതാവ് മനീഷ് തിവാരി പ്രസ്താവിച്ചു. രാഷ്ട്രീയമായ മുന്‍കൈയിലൂടെയാണ് പ്രശ്‌ന പരിഹാരം തേടേണ്ടത്. ടാഡ, പോട്ട നിയമങ്ങളുടെ ചരിത്രം അതാണ്. ദുരുപയോഗം മുന്‍നിര്‍ത്തിയാണ് ഈ നിയമങ്ങള്‍ പിന്‍വലിച്ചത്. വാജ്‌പേയി ഭരണകാലത്ത് പോട്ട നിയമം ലഘൂകരിക്കാന്‍ എന്‍.ഡി.എ. സഖ്യകക്ഷികള്‍ ആവശ്യപ്പെട്ട കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.

തൃണമൂൽ കോൺഗ്രസ് അംഗം മെഹുവ മൊയ്ത്ര, എൻ.സി.പി. അംഗം സുപ്രിയ സുലെ എന്നിവരും ബില്ലിനെ വിമർശിച്ച് രംഗത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *