Wed. Apr 24th, 2024
തിരുവനന്തപുരം:

വിവാദ പരാമർശങ്ങളിലൂടെ ഇടതു മുന്നണിക്ക് വീണ്ടും ബാധ്യതയാകുകയാണ് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. യൂണിവേഴ്സ്റ്റിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയായ എസ്.എഫ്.ഐ. നേതാവ് വീട്ടിൽ പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷിച്ചതിനെ ന്യായീകരിച്ചാണ് വിജയരാഘവൻ പുതിയ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. ‘ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ,” എന്നാണു വിജയരാഘവന്റെ പ്രസ്താവന.

ഉത്തരം എഴുത്തിയിട്ടില്ലാത്ത ഉത്തരക്കടലാസിനു വെള്ളക്കടലാസിന്‍റെ വിലയേയുള്ളൂവെന്നും പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നുമായിരുന്നു എല്‍.ഡ‍ി.എഫ് കണ്‍വീനറിന്‍റെ വിചിത്ര വാദം.

ഇതോടെ ഈ വാദത്തെ പരിഹസിച്ചു ഒട്ടേറെ പേർ രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിലും വിജയരാഘവൻ ട്രോളർമാരുടെ ഇരയായിരിക്കുകയാണ്.

നേരത്തെ കെ.എസ്.യുവിന്റെ സമരപരിപാടികളില്‍ പങ്കെടുക്കുന്നത് കുറച്ച് മീന്‍ കച്ചവടക്കാരും വക്കീലന്‍മാരും ആണെന്ന് വിജയരാഘവൻ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ആലത്തൂർ മത്സരിച്ച രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. സ്ഥാനാർഥിയായ രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയതിനെ അശ്ലീല ചുവയോടെ വിജയരാഘവൻ പരാമർശിച്ചത് സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ആലത്തൂർ നഷ്ടപ്പെടാനുള്ള കാരണങ്ങളിൽ ഒന്നായി തീർന്നിരുന്നു.

വിജയരാഘവന്റെ വിചിത്ര പരാമർശത്തെ കളിയാക്കി വി.ടി. ബൽറാം ഇട്ട പോസ്റ്റ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *