Wed. Jan 22nd, 2025
മുംബൈ:

മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ്‌ ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സറാകാനൊരുങ്ങുന്നു. ചൈനീസ് മൊബൈല്‍ ബ്രാന്റ് ഓപ്പോ പിന്മാറുന്ന ഒഴിവിലേക്കാണ് ബൈജൂസ് ലേർണിങ് ആപ്പ് എത്തുന്നത്.

1,079 കോടിക്കുള്ള 2017 മാര്‍ച്ച് മുതല്‍ അഞ്ചു വര്‍ഷത്തേക്കുള്ള കരാറായിരുന്നു ഓപ്പോയും ബി.സി.സി.ഐയുമായുണ്ടായിരുന്നത്. ഈ കരാറാണ് ഓപ്പോ ഇപ്പോള്‍ ബൈജൂസിന് മറിച്ചു നല്‍കാനൊരുങ്ങുന്നത്. ഒപ്പോയ്ക്ക് നല്‍കിയ അതേ തുകയ്ക്കുതന്നെയാണ് ബൈജൂസിനും കരാര്‍ നല്‍കുക. ബി.സി.സി.ഐക്ക് അതുകൊണ്ട് തന്നെ ഈ ബ്രാന്‍ഡ് മാറ്റത്തിലൂടെ ഒരു സാമ്പത്തിക നഷ്ടവുമുണ്ടാകില്ല. 2022 മാര്‍ച്ച് 31നു കരാര്‍ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതൽ മൂല്യം നേടിയ കമ്പനികളിലൊന്നായ ബൈജൂസിന്റെ ആസ്ഥാനം ബെംഗളൂരുവാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ബൈജൂസ് ആപ്പിന്റെ നിലവിലെ ആസ്തി 38,000 കോടി രൂപയാണ്. 750 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബൈജൂസ് ആപ്പിന് ലഭിച്ചത്.

ദക്ഷിണാഫ്രിക്കയുമായി നാട്ടില്‍വച്ചുതന്നെ നടക്കാനിരിക്കുന്ന പരമ്പരയിലാകും ഇന്ത്യന്‍ ജേഴ്‌സിയില്‍ ബൈജൂസിനെ കാണാനാവുക. ഓപ്പോ തന്നെയാകും വിന്‍ഡീസ് പരമ്പരയില്‍ ജേഴ്‌സിയിലെ ബ്രാന്‍ഡ് നെയിം.

Leave a Reply

Your email address will not be published. Required fields are marked *