ലുക്വെ (പരാഗ്വെ):
ലിയോണൽ മെസ്സിക്ക് വൻ പിഴയും മത്സരവിലക്കും വിധിച്ചു സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍). കോപ്പ അമേരിക്കയിൽ ചിലിക്കെതിരായ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തനിക്ക് ചുവപ്പ് കാർഡ് നൽകിയതിൽ സംഘാടകർക്കും മത്സരത്തിലെ റഫറിയ്ക്കുമെതിരെ രംഗത്തുവന്നതാണു താരത്തിന് വിനയായത്.
2022ലെ ലോകകപ്പ് ആദ്യ യോഗ്യത മത്സരം മെസ്സിക്ക് നഷ്ടമാവും. ഒരു ലക്ഷത്തോളം രൂപ പിഴ കൊടുക്കേണ്ടിയും വരും. ചിലിക്കെതിരായ മത്സരത്തിൽ ആദ്യപകുതിയിൽത്തന്നെ മെസ്സി പുറത്തായിരുന്നു, 37ആം മിനിറ്റിൽ ചിലിയുടെ ഗാരി മെഡലുമായുണ്ടായ കലഹത്തിലാണ് റെഡ് കാർഡ് കിട്ടിയത്. എന്നാൽ മഞ്ഞ കാർഡ് ആദ്യം നൽകി മുന്നറിയിപ്പാണ് തരേണ്ടിയിരുന്നതെന്നും അനീതിയാണ് തന്നോട് റഫറി കാട്ടിയതെന്നും മത്സര ശേഷം താരം കുറ്റപ്പെടുത്തിയിരുന്നു.
മെസ്സിയുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അതിനാൽ അദ്ദേഹത്തിന് അപ്പീലിന് അവസരമില്ലെന്നും കോണ്‍മെബോള്‍ വ്യക്തമാക്കി. കോപ്പ അമേരിക്കയിൽ അർജന്റീന ബ്രസീലിനോട് പരാജയപെട്ടപ്പോഴും ഇതേ പ്രശ്നം റഫറിമാർക്കെതിരെ മെസ്സി ഉയർത്തിയിരുന്നു.