മുംബൈ:
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്താക്കി വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബി.സി.സി.ഐ. ഐ.പി.എല്‍. വിപുലീകരിക്കുന്ന തരത്തിലുളള വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ആലോചന പോലും ഇപ്പോള്‍ നടന്നില്ലെന്നും ബി.സി.സി.ഐ. അറിയിച്ചു.
പത്ത് ടീമുകളാക്കി വര്‍ദ്ദിപ്പിച്ചാല്‍ ലീഗിന്റെ ദൈര്‍ഘ്യവും മത്സരങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കേണ്ടി വരും. മാത്രമല്ല ലീഗിന്റെ ദൈര്‍ഘ്യം അധികരിക്കുന്നത് ക്രിക്കറ്റ് ആരാധകരുടെ താത്പര്യത്തിനു വിരുദ്ധമാണെന്നും ബി.സി.സി.ഐ. പറഞ്ഞു. ഐ.സി.സി അനുവദിച്ച് നല്‍കുന്ന വിന്‍ഡോയില്‍ മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സാധ്യമാകില്ലെന്നും ബി.സി.സി.ഐ. വ്യക്തമാക്കി. ഐപിഎല്‍ ടീമുകളും ഓഫീഷ്യലുകളുമായി ലണ്ടനില്‍ യോഗം ചേരുന്നുണ്ടെന്നായിരുന്നു
പുറത്തു വന്ന വാര്‍ത്തകള്‍. ടീമുകള്‍ പത്താക്കി ഉയര്‍ത്താനാണ് യോഗത്തിന്റെ തീരുമാനമെന്നും ഇക്കാര്യത്തില്‍ ഉടന്‍ ഔദ്യോഗിക പ്രതികരണം ഉണ്ടാവുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
നേരത്തെ 2011 കൊച്ചി ടസ്‌കേഴ്‌സ്, പൂനെ വാരിയേഴ്‌സ് എന്നിവരെ ഉള്‍രപ്പെടുത്തി ഐ.പി.എല്ലില്‍ 10 ടീമുകളുണ്ടാക്കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പുതിയതായെത്തിയ രണ്ട് ടീമുകളെയും പിന്നീട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ ടീമുകളെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐ. നീക്കം നടത്തുന്നു എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത.