Fri. Nov 22nd, 2024
പാക്കിസ്ഥാന്‍:

കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

’70 വര്‍ഷമായി തുടരുന്ന ഇന്ത്യ പാക് സംഘര്‍ഷത്തിന് മദ്ധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തില്‍ ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ട്വിറ്റ് ചെയ്ത്ത. തലമുറകളായി കശ്മീരികള്‍ കഷ്ടത അനുഭവിക്കുകയും അനുദിനം ദുരിതമനുഭവിക്കുകയും ചെയ്യുകയാണ് ഇതിന് ഒരു പരിഹാരം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് ട്രംപിന്റെ ട്വീറ്റ് വിവാദമായിരുന്നു. ഇന്ത്യയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായ നിലപാടെടുത്ത് പെരുമാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് സഭകളിലും വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ പ്രതിപക്ഷം രാജ്യസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.എം. രാജ്യസഭാഗം എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. സി.പി.ഐയും കോണ്‍ഗ്രസും ഇതേ വിഷയമുന്നയിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലോക്‌സഭയിലും ആവശ്യമുന്നയിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.പാര്‍ലമെന്റ് സമ്മേളനം നീട്ടുന്നതിനെ എതിര്‍ത്തും പ്രതിപക്ഷം രംഗത്തെത്തി.

അതെസമയം ട്രംപിനോട് ഇത്തരമൊരാവശ്യം ഇന്ത്യന്‍ പ്രധാനമന്ത്രി ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ രാജ്യസഭയില്‍ വിശദീകരണം നല്‍കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന നിലപാടില്‍ നിന്നും ഇന്ത്യ പിന്നാക്കം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മദ്ധ്യസ്ഥത വഹിക്കാമെന്നല്ല പറഞ്ഞതെന്നും പ്രശ്‌നപരിഹാരത്തിന് സഹായിക്കാന്‍ തയ്യാറാണെന്നുമാണ് പറഞ്ഞതെന്നും ട്രംപ് തിരുത്തി.

‘അത്തരത്തിലുള്ള ഒരു അപേക്ഷയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പോട്ടു വെച്ചിട്ടില്ല. ഇത് ഇന്ത്യയുടെ സ്ഥിരമായ നിലപാടാണ്.’ വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. പാകിസ്ഥാനുമായുള്ള ഏത് ഇടപാടിനും അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവര്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും മുന്‍കൈ എടുത്ത് അവസാനിപ്പിക്കുന്നതിന് സിംല കരാറും ലാഹോര്‍ പ്രഖ്യാപനവും മതിയായവ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ വിഷയത്തില്‍ നരേന്ദ്ര മോദി സഹായം അഭ്യര്‍ത്ഥിച്ചതായി ട്രംപിന്റെ ട്വീറ്റ് ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു. പ്രശ്‌നത്തില്‍ അമേരിക്കന്‍ മദ്ധ്യസ്ഥതയ്ക്കായി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഇമ്രാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *