ഡല്‍ഹി:
ഡല്‍ഹി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിലവില്‍ ഡല്‍ഹിയിലെ പി.സി.സി. അധ്യക്ഷയായിരുന്നു. അഞ്ചുമാസം കേരള ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീല ദീക്ഷിത്.
1998 മുതല്‍ 2013 വരെയുള്ള കാലത്താണ് ഷീല ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. ഡല്‍ഹിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികള്‍ ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്. 15 വര്‍ഷം ദില്ലിയില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഷീല ദീക്ഷിതിന് അടി തെറ്റിയത് ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ മാത്രമാണ്. വാര്‍ദ്ധക്യ കാലത്തു പോലും, ഏറ്റവുമൊടുവില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ പാര്‍ട്ടിയെ നയിച്ചത് ഷീലാ ദീക്ഷിത് ആണ്. ഇന്നും ഡല്‍ഹിയിലെ കോണ്‍ഗ്രസ്സിന്റെ കഴിവുറ്റ നേതാവായിരുന്നു അവര്‍. അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ‘ദില്ലിയുടെ മരുമകള്‍’ എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഷീല ദീക്ഷിത്.