Thu. Apr 25th, 2024
മിസോറാം:

40 വര്‍ഷമായി കാണാതായ സ്ത്രീയെ കുടുംബത്തിന് തിരികെ നല്‍കിയിരിക്കുകയാണ് ഫേസ്ബുക്ക്. മിസോറാമിലെ കമല എന്ന സ്ത്രീയ്ക്കാണ് ഫേസ്ബുക്ക് തുണയായത്. 1974ല്‍ സി.ആര്‍.പി.എഫ് സേനാംഗത്തെ വിവാഹം കഴിച്ചതോടെയാണ് ആന്ധ്രാ സ്വദേശിനിയായിരുന്ന കമല 1978ല്‍ മിസാറാമിലേക്ക് എത്തുന്നത്. മൂന്നു മക്കളൊക്കെയായി കമലയും കുടുംബവും അയ്‌സ്വാളില്‍ സ്ഥിരതാമസമാക്കി.

ആദ്യമൊക്കെ കത്തുകളിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നെങ്കിലും ക്രമേണ കുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു. ഇതിനിടെ പലതവണ നാട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്നെങ്കിലും ജോലിത്തിരക്കും കുട്ടികളുടെ പഠനവും ചില സാമ്ബത്തികബാധ്യതകളും കാരണം അത് സാധിച്ചില്ല. എന്നാല്‍ കമലയുടെ കുടുംബം പലതവണ അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ കമലയും ഭര്‍ത്താവും മരിച്ചു കാണുമെന്ന് കരുതിയാണ് അവര്‍ അന്വേഷണം അവസാനിപ്പിച്ചത്.

40 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ കമലയെ, അവരുടെ സഹോദരി കണ്ടെത്തിയിരിക്കുന്നു. അമേരിക്കയില്‍ താമസിക്കുന്ന കമലയുടെ സഹോദരി രുദ്രാപതി ഫേസ്ബുക്ക് വഴി നടത്തിയ അന്വേഷണമാണ് ഫലപ്രദമായത്. കമലയുടെ പഴയ ചിത്രം ഫേസ്ബുക്കിലെ ഒരു മിസോറാം ന്യൂസ് ഗ്രൂപ്പില്‍ ഇട്ടതാണ് വഴിത്തിരിവായത്. ഫേസ്ബുക്കില്‍ വൈറലായ ഈ ചിത്രം വൈകാതെ കമല താമസിക്കുന്ന സ്ഥലത്തെ അയല്‍ക്കാരുടെ കൈവശവുമെത്തി. അങ്ങനെയാണ് സഹോദരി ജീവിച്ചിരിപ്പുണ്ടെന്ന് രുദ്രാപതി അറിഞ്ഞത്. ഇതോടെ ഫോണില്‍ അവരെ ബന്ധപ്പെട്ടു. അമേരിക്കയില്‍ നിന്ന് കുടുംബമായി നാട്ടിലെത്തി കമലയെ കാണാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.

Leave a Reply

Your email address will not be published. Required fields are marked *