Mon. Dec 23rd, 2024

തിരുവനന്തപുരം :

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടന്ന വേളയിൽ പൊലീസ് ആർ.എസ്.എസ്. ചാരന്മാരായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ക്രമസമാധാന പ്രശ്നത്തിന് പുറമെ നെടുങ്കണ്ടം കസ്റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്തം മറന്നുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടി ഏറ്റെടുക്കാൻ മടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മനീതി സംഘം വന്നപ്പോള്‍ നാറാണത്തുഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പൊലീസ്. മിക്ക മുതിർന്ന ഉദ്യോഗസ്ഥരും അവധിയിൽ പോവുകയാണുണ്ടായത്. മനീതി സംഘമെത്തിയപ്പോൾ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ സ്വന്തം താത്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്നു മുഖ്യമന്ത്രി പറയുമ്പോൾ സർക്കാരിന്റെ ശബരിമല നയത്തിൽ ഉറച്ചു നിൽക്കുന്നു എന്ന സൂചനയാണ് നൽകുന്നത്.

പ്രതികളെ മർദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാർ കാണുന്നതിനെയും പിണറായി വിജയൻ വിമർശിച്ചു. കസ്റ്റഡിമർദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *