Wed. May 8th, 2024
ഹൈദരാബാദ് :

ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്
(ടിസ്)-ഹൈദരാബാദ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പണിമുടക്ക് ഏഴാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് ഘടനയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അധികൃതരുടെ ധിക്കാരപരമായ പെരുമാറ്റത്തിനും എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. പ്രശ്‌നം രൂക്ഷമായതോടെ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച നിരാഹാര സമരം ആരംഭിച്ചിരുന്നു.

പ്രതിഷേധത്തിനുളള കാരണങ്ങള്‍

രാജേന്ദ്രനഗറിലെ തെലങ്കാന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചായത്ത് രാജ് ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (ടിസിപാര്‍ഡ്) കാമ്പസില്‍ നിന്ന് ടിസ് അതിന്റെ കാമ്പസ് ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തുര്‍ക്കയാംജലിലേക്ക് മാറ്റിയിരുന്നു.

ഷിഫ്റ്റിനെ തുടര്‍ന്ന് ഹോസ്റ്റലിലേക്കുള്ള ടെണ്ടര്‍ സി.എന്‍. റെഡ്ഡി എന്ന സ്വകാര്യ പാര്‍ട്ടിക്ക് നല്‍കി. സി.എന്‍. റെഡ്ഡിയുടെ കെ.ബി. സ്‌കൂള്‍ ഓഫ് എക്‌സലന്‍സിന്റെ കാമ്പസിലാണ്് ഇപ്പോള്‍ ടിസ് ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത്

 

നേരത്തെ, വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് മൂന്ന് ഗഡുക്കളായി അടയ്ക്കാം. ´ഇന്ത്യാ ഗവണ്‍മെന്റ് – പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് (GoI PMS) അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചതിന് ശേഷം ചാര്‍ജ് അടയ്ക്കാം. എന്നാല്‍ പുതിയ നടത്തിപ്പുകാര്‍ ഒറ്റ തവണയായി 52,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

”ഇന്ത്യാ ഗവണ്‍മെന്റ് – പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പില്‍ 4 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് മുഴുവന്‍ ഫീസ് തുകയും ഒരുമിച്ച് നല്‍കാന്‍ ബുദ്ധിമുട്ടായിരുന്നു. അവര്‍ക്ക്
സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതുവരെ കുറച്ച് ദിവസത്തേക്ക് താമസസൗകര്യം നല്‍കണമെന്ന് ഞങ്ങള്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അഡ്മിന്‍ ഞങ്ങളുടെ അഭ്യര്‍ത്ഥന ശ്രദ്ധിച്ചില്ല.”ഒരു വിദ്യാര്‍ത്ഥി ദി വോക്ക് മലയാളത്തോട് പറഞ്ഞു.

കാമ്പസിലെ സുരക്ഷയെക്കുറിച്ചും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടണ്ട്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നാലു വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും 20 ഓളം പേര്‍ രോഗബാധിതരായതായും റിപ്പോര്‍ട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍

‘കോളേജില്‍ ചേരുമ്പോള്‍ 54,650 രൂപ മുന്‍കൂറായി നല്‍കുമെന്നത് എസ്സി/എസ്.ടി / ഒ.ബി.സി.-എന്‍.സി. വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിലും വലുതാണ്. മാത്രമല്ല വളരെ ഉയര്‍ന്ന ഹോസ്റ്റല്‍ ഫീസും കൊടുത്ത് പഠിക്കാന്‍ സാധിക്കാതെ വന്നാല്‍ അവരുടെ വിദ്യാഭ്യാസത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും
സ്റ്റുഡന്റ് ആക്ഷന്‍ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവയ്ക്കുന്ന വിവിധ ആവശ്യങ്ങള്‍ ഇവയാണ്

2018-20 അഡ്മിഷന്‍ സമയത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും, ഹോസ്റ്റല്‍ ഫീസിനത്തില്‍ 5000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി 15,000 രൂപ അടച്ചുകൊണ്ടിരുന്നത് നിലവില്‍ വരണം. മാത്രമല്ല 2019-21 ബാച്ചിനും ഭാവിയിലെ GoI-PMS വിദ്യാര്‍ത്ഥികള്‍ക്കും ഇതേ സംവിധാനം പിന്തുടരാന്‍ അവസരം നല്‍കണം

പുതിയ ഹോസ്റ്റല്‍ താരിഫ് വിദ്യാര്‍ത്ഥികളോട് പങ്കുവെയ്ക്കാതെ കോളേജ് അധികൃതര്‍ അന്തിമമായി പ്രഖ്യാപിച്ച് വെബ്സൈറ്റില്‍ ഇടുകയും ചെയ്തു
വിദ്യാര്‍ത്ഥികളുടെ അഭിപ്രായമറിഞ്ഞതിനു ശേഷം ഹോസ്റ്റല്‍ ചാര്‍ജുകള്‍ കുറയ്ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

ഹോസ്റ്റല്‍ പുതിതായി കൊടുത്ത നടത്തിപ്പുകാരുടെ ടെന്‍ഡറും കരാറുംരേഖാമൂലം ലഭ്യമാക്കുക.

GoI-PMS വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകഴിഞ്ഞാല്‍ ഹോസ്റ്റല്‍ കുടിശ്ശിക അടയ്ക്കാന്‍ ഉളള ഒരു സംവിധാനം ഏര്‍പ്പെടുത്തണം.

വിദ്യാര്‍ത്ഥികളുടെ സഹായമായി അനുവദിക്കുന്ന തുകയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളുടെ സഹായം വിതരണം ചെയ്യുന്ന പ്രക്രിയ വേഗത്തിലും സുതാര്യമായും ആക്കുക.

എല്ലാ സംസ്ഥാന പോര്‍ട്ടലുകളിലും ടിസ്സിന്റെ എല്ലാ കോഴ്‌സുകളും സ്‌കോളര്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്യണം.

അഡ്മിനിസ്‌ട്രേഷന്‍, വിദ്യാര്‍ത്ഥികള്‍, സേവന ദാതാവ് എന്നിവരെ ഉള്‍പ്പെംട്ടിരുന്ന ഹോസ്റ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി പുനഃസ്ഥാപിക്കണം.

കോളേജിനും ഹോസ്റ്റലുകള്‍ക്കുമിടയിലുള്ള തെരുവുകളില്‍ സ്ട്രീറ്റ് ലൈറ്റുകളും സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍.

വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യത്തോടെ തീരുമാനിച്ച റൂട്ടുകളില്‍ സബ്‌സിഡി നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും കോളേജ് ബസുകള്‍ നല്‍കണം.

നിരാഹാര സമരം

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സമരം തുടങ്ങി നാലാം ദിവസം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. തുടര്‍ന്ന് ആരോഗ്യം മോശമായതിനാല്‍ മൂന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, സി. എന്‍. റെഡ്ഡി ഹോസ്റ്റല്‍ സര്‍വീസുകള്‍ പിന്‍വലിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ഈ തീരുമാനം പ്രതിസന്ധിയിലാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ

പ്രശ്‌നം കാമ്പസ് കടന്ന് വെളിയിലെത്തിയപ്പോള്‍
വിവിധ കോണുകളില്‍ നിന്ന് പിന്തുണ ലഭിച്ചു.

ടിസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളിലൂടെ കാമ്പസുകളില്‍ നിരന്തരം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. ഫീസ് വര്‍ദ്ധനവാണ് സമീപകാലത്തെ പ്രതിഷേധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. അതിനാല്‍ ഇത് റദ്ദാക്കണം. ഇതാദ്യമായല്ല ടിസ് ഭരണകൂടം വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നത്, ഇത് ടിസ്സിലെ കഴിഞ്ഞ വര്‍ഷത്തെ പ്രതിഷേധത്തിന്റെ വിപുലീകരണമായി മാത്രമേ കാണാവൂ.” അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.

പുതിയ ഫീസ് ഘടന, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവ ഉന്നയിച്ച് ടിസ് ഹൈദരാബാദില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് എസ്.എഫ്.ഐയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ടിഎസിലെ വിവിധ കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണകൂടത്തിന്റെ പരിഗണനയില്ലാത്തത് ആശങ്കാജനകമാണ്, അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോലും പ്രതിഷേധം തിരഞ്ഞെടുക്കേണ്ട അവസ്ഥയാണെന്നും, എസ്.എഫ്. ഐ. പ്രതികരിച്ചു.

ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്കെതിരെ നിയമനടപടിക്ക് പോകുമെന്നും ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ പണിമുടക്ക് തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *