അമൃത്‌സർ:
പഞ്ചാബ് മന്ത്രിസഭയിൽ നിന്നും നവ്ജ്യോത് സിങ് സിദ്ദു രാജിവച്ചു. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കാണ് സിദ്ദു തന്റെ രാജിക്കത്തു സമർപ്പിച്ചത്. ആ കത്തിന്റെ പകർപ്പ് സ്വന്തം ട്വിറ്ററിലും അദ്ദേഹം പോസ്റ്റു ചെയ്തു. ജൂൺ 10, 2019 ആണ് കത്തിലെ തിയ്യതി.
മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി. മന്ത്രിസഭാ പുനഃസംഘടനയില്‍ തദ്ദേശ ഭരണ വകുപ്പ് സിദ്ധുവില്‍ നിന്ന് മാറ്റി പകരം ഊര്‍ജ്ജ വകുപ്പ് നല്‍കിയതിനെ തുടര്‍ന്ന് സിദ്ധു പാര്‍ട്ടിയുമായി മാനസികമായി അകന്നിരുന്നു.
സിദ്ധു മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നുവെന്ന അമരീന്ദര്‍ സിങ്ങിന്റെ പ്രസ്താവനയും കൂടിവന്നതോടെ തര്‍ക്കം വീണ്ടും കടുത്തു. സിദ്ദുവിന്റെ പത്നി, നവ്ജ്യോത് കൌറിന് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ചിരുന്നു.
രാജിക്കത്ത്, മുഖ്യമന്ത്രിയ്ക്കും അയയ്ക്കുമെന്ന് സിദ്ദു ട്വിറ്ററിൽ കുറിച്ചിരുന്നു. പക്ഷേ, സിദ്ദുവിന്റെ രാജിക്കത്ത് ലഭിച്ചിട്ടിലെന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചതായി ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.