ബംഗളൂരു:
സ്പീക്കര്‍ക്കെതിരെ കൂറുമാറിയ കർണ്ണാടക കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഹരജി അടിയന്തര പ്രാധാന്യത്തോടെ സുപ്രീംകോടതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് പരിഗണിക്കും. സ്പീക്കര്‍ രാജി സ്വീകരിക്കാത്ത 10 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നടപടി. അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ തള്ളിയാണ് മുംബൈയിലേക്ക് രക്ഷപ്പെട്ട എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ബുധനാഴ്ച തന്നെ ഹരജി കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ രോഹതഗി ആവശ്യപ്പെട്ടുവെങ്കിലും വ്യാഴാഴ്ചയാകാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. തങ്ങളുടെ രാജി സ്വീകരിക്കാതെ സ്പീക്കര്‍ ഭരണഘടനപരമായ ബാധ്യത പരിത്യജിച്ചുവെന്ന് വിമതര്‍ ഹരജിയില്‍ ബോധിപ്പിച്ചു. തങ്ങളോട് നേരില്‍വന്ന് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് 12 നാണെന്നും അന്നേദിവസം നിയമസഭ സമ്മേളനം തുടങ്ങുകയാണെന്നും വിമതര്‍ ചൂണ്ടിക്കാട്ടി.
മുന്‍കൂട്ടി ഇവരെ അയോഗ്യരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്പീക്കറുടെ നടപടിയെന്ന് അവര്‍ ആരോപിച്ചു. രാജിവെച്ചവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത് നിയമവിരുദ്ധമാണെന്നും ഹരജിക്കാര്‍ അവകാശപ്പെട്ടു.