Mon. Dec 23rd, 2024
#ദിനസരികള്‍ 813

ലോകസഭ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടര്‍ന്ന് രാജി വെയ്ക്കാനും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ ആ തീരുമാനത്തില്‍ ഉറച്ചു നില്ക്കാനും രാഹുല്‍ ഗാന്ധി കാണിച്ച ആര്‍ജ്ജവം അഭിനന്ദനീയം തന്നെയാണ്. രാജി, സ്വാഭവികമായും ഒരു നാടകമായി പര്യവസാനിക്കുമെന്ന അഭിപ്രായങ്ങളൊക്കെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും കൂടുതല്‍ നാണക്കേടുണ്ടാക്കുമായിരുന്ന അത്തരമൊരു നീക്കത്തിന് വഴങ്ങാതിരുന്നത് രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ച ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്. താനെടുത്ത തീരുമാനങ്ങളില്‍ ഏറ്റവും അന്തസ്സുറ്റത് ഈ രാജി തന്നെയാണെന്ന് രാഹുലിന് അഭിമാനിക്കാം.

ജീര്‍ണ്ണിച്ച് വശംകെട്ടിരിക്കുന്ന കോണ്‍ഗ്രസിന് ഇനിയുമൊരു തിരിച്ചുവരവിനുള്ള ശേഷി ഉണ്ടാക്കിയെടുക്കണമെങ്കില്‍ ഇപ്പോഴും ആ സംഘടനയുടെ കഴുത്തിലിരുന്ന് ചോരയൂറ്റിക്കുടിക്കുന്ന കടല്‍ക്കിഴവന്മാരെ ഒഴിവാക്കിയെടുക്കേണ്ടതുണ്ടെന്ന് മറ്റാരെയുംകാള്‍ അദ്ദേഹത്തിനറിയാം. അത്തരത്തിലൊരു ഇടപെടല്‍ നടക്കണമെങ്കില്‍ താന്‍ തന്നെ മാറി നിന്നു കൊണ്ട് താല്കാലികമായ ഒരു കാവല്‍ക്കാരനെ നിയോഗിക്കുക എന്ന തന്ത്രപരമായ നീക്കമാണ് രാഹുല്‍ നടത്തുന്നത്. ഒരു പടയോട്ടം നടത്തുന്നതിന് ശേഷിയുള്ള നേതൃനിരയെ നിര്‍മ്മിച്ചെടുക്കണമെങ്കില്‍ നെഹ്രുവിന്റെ കാലം മുതല്‍ വിശ്വസ്തത എന്ന വിശേഷണം പേറുന്ന ഭിക്ഷാംദേഹികള്‍ പോര എന്നു കൂടി വളരെ സുവ്യക്തമായി അദ്ദേഹം സൂചിപ്പിച്ചിട്ടുമുണ്ട്.

മതഫാസിസ്റ്റുകളുടെ കെട്ട ഭരണത്തില്‍ നിന്നും ഇന്ത്യ മോചിപ്പിക്കപ്പെടുക എന്ന ആശയത്തോട് ഐക്യപ്പെടുന്ന ആരും ഒട്ടുമിക്ക നയപരിപാടികളോടും കടുത്ത അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിശാലമായ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യും. അത്തരത്തിലുള്ള ഒരു ശ്രമമായിട്ടാണ്, അല്ലാതെ കോണ്‍ഗ്രസിനെ നടുക്കടലില്‍ പ്രതിസന്ധി ഘട്ടത്തില്‍ കൈയ്യൊഴിഞ്ഞ് പോകുകയല്ല, കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ശ്രമിക്കുക എന്നതായിരിക്കും രാഹുലിന്റെ അജണ്ട.

എന്നിരുന്നാല്‍ തന്നേയും നേതൃദാരിദ്ര്യം മൂലം വശംകെടുന്ന കോണ്‍ഗ്രസിന് എ.ഐ.സി.സി. പ്രസിഡന്റായി ഒരാളെ കണ്ടെത്താന്‍ കാലതാമസം നേരിടുന്നത് ആന്തരികച്ഛിദ്രം മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ (സി.ഡബ്ല്യൂ.സി.) നിന്നും രാഹുലിന് പകരക്കാരനായി പല പേരുകളും കേള്‍ക്കുന്നു. എ.കെ. ആന്റണിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മോട്ടിലാല്‍ വോറയുമൊക്കെ അങ്ങനെ ഉയര്‍ന്നു വരുന്ന പേരുകളാണ്. എന്നാല്‍ ഓടിപ്പാഞ്ഞു നടക്കാന്‍ ശേഷിയുള്ള അപകടകരമായി ചിന്തിക്കാനും വെല്ലുവിളികളേറ്റെടുക്കാനും കെല്പുള്ള ഒരാളായി ഇക്കൂട്ടത്തില്‍ ഒരാള്‍ പോലുമില്ലെന്നതാണ് സത്യം. ഏറ്റവും കൂടുതലായി ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളിലൊന്ന് ആന്റണിയുടേതാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള അദ്ദേഹത്തിന്റെ ശേഷിയെപ്പറ്റി നല്ല ധാരണയുള്ളതുകൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ തള്ളിക്കളയാനാകും.

വര്‍ക്കിംഗ് കമ്മറ്റിയില്‍ നിന്നും ഒരു പേര് വരുന്നുവെങ്കില്‍ അത് ജ്യോതിരാദിത്യ സിന്ധ്യയുടേതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. വിധേയത്വത്തിന്റേയും വിശ്വസ്തതയുടേയും പടുതകള്‍ അധികം വന്നു വീഴാത്ത ഒരു മുഖം നാല്പത്തെട്ടുകാരനായ അദ്ദേഹത്തിന്റേതായിരിക്കും. സി.ഡബ്ല്യൂ.സിയിലെ മറ്റാരെയുംകാള്‍ പൊതുജനങ്ങളുടെയിടയില്‍ അദ്ദേഹത്തിന് സ്വീകാര്യതയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സച്ചിന്‍ പൈലറ്റ് യുവനിരയിലെ കരുത്തുറ്റ മുഖമാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസിലുണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അദ്ദേഹത്തെ കരുതിവെയ്ക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉന്നയിക്കപ്പെടാവുന്ന ഏറ്റവും ശക്തമായ പേരുകളിലൊന്ന് സച്ചിന്റേതായിരിക്കും. ദളിതു വിഭാഗത്തില്‍ നിന്നുമൊരാളെ പരിഗണിക്കുക എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിപ്പെടുന്നില്ലെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയോ സച്ചിന്‍ പൈലറ്റോ എന്നൊരു ചോദ്യമേ പിന്നെ അവശേഷിക്കുന്നുള്ളു.

എ.ഐ.സി.സിയിലും മറ്റുമായി അടിഞ്ഞു കൂടിയിരിക്കുന്ന ദുര്‍മേദസ്സുകളെ അരിഞ്ഞു കളയണമെങ്കില്‍ കൂറുമുന്നണികളുടെ അസ്കിതകള്‍ അധികമൊന്നും തീണ്ടിയിട്ടില്ലാത്തവരെ മുന്നില്‍ നിറുത്തണമെന്ന ചിന്ത രാഹുലിന് ഉണ്ടാവേണ്ടതുണ്ട്. അതല്ലായെങ്കില്‍ ഈ നേതൃമാറ്റം കോണ്‍ഗ്രസിന് യാതൊരു വിധത്തിലുള്ള ഗുണവും ഉണ്ടാക്കുകയില്ല.

ഏതായാലും രാഹുലിന് പകരമൊരാളെ കണ്ടെത്തുവാന്‍ ഇനിയും വൈകുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *