#ദിനസരികള് 740
ഒരു നുണയനെ മുന്നില്‍ നിറുത്തി –അയാള്‍ നമ്മുടെ പ്രധാനമന്ത്രിയാണ് എന്നതാണ് മഹാകഷ്ടമായിരിക്കുന്നത് – എത്രയോ കാലങ്ങളായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ നാം കാണുന്നു? അതിനെതിരെ നാം നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുന്നു? എന്നിട്ടും നുണകളെ ആവര്‍ത്തിക്കുക എന്ന പതിവുരീതികളില്‍ നിന്നും പ്രധാനമന്ത്രിയോ സംഘപരിവാരമോ ഒരടി പോലും പിന്നോട്ടു പോകുന്നില്ലെന്ന മാത്രമല്ല, വീണ്ടും വീണ്ടും നുണകളുടെ പെരുംകോട്ടകളെ നിര്‍മിച്ചുംകൊണ്ടിരിക്കുന്നു.
ഏറ്റവും അവസാനമായി വാരണാസിയിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത് വോട്ടു ചെയ്യാനായി വീട്ടില്‍ നിന്നും ഇറങ്ങുന്ന ബി.ജെ.പിക്കാരന്‍ തിരിച്ചെത്തുമോയെന്ന് നിശ്ചയമില്ലയെന്നാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ക്രമക്കേടിനെ സംബന്ധിച്ച് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായ കെ. സുരേന്ദ്രനും സമ്മതിച്ചുവെന്നല്ലാതെ മറ്റൊരു തരത്തിലുള്ള കാതലായ സംഘര്‍ഷം പോലും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ ലോകസഭ ഇലക്ഷന്‍ വളരെ സമാധാനപരമായി അവസാനിച്ചതിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് മോദി ഈ പ്രസ്താവന നടത്തുന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കണം.
ഒരുളുപ്പുമില്ലാത്ത ഒരു മനുഷ്യനുപോലും മോദി പറയുന്ന തരത്തിലുള്ള നുണകള്‍ ഇങ്ങനെ ആവര്‍ത്തിച്ചു പറയുവാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. ഏതു വിഡ്ഢി സ്വര്‍ഗ്ഗത്തിലാണ് രാജ്യം ഭരിക്കുന്ന ഒരു പ്രധാനമന്ത്രി ജീവിച്ചുപോകുന്നത്? അയാള്‍ പിന്നിട്ടുപോന്ന വഴികളുടെ ചരിത്രം പരിശോധിച്ചാല്‍ നിരന്തരം നുണ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും തമ്മിലടിപ്പിച്ചും കൊണ്ടുതന്നെയാണ് ഓരോ സ്ഥാനത്തേക്കും ചെന്നു കയറിയത്. എഴുതിയും പറഞ്ഞും ആവര്‍ത്തന വിരസത ആവോളം അനുഭവിക്കുന്ന തരത്തിലാണ് മോദിയുടെ വിലാസങ്ങളെന്നതുകൊണ്ടുതന്നെ അതൊന്നും വീണ്ടും എടുത്തെഴുതുന്നില്ല.
തന്റെ അമ്മയെക്കുറിച്ച്, ഭാര്യയെക്കുറിച്ച്, ചെറുപ്പകാലത്തെക്കുറിച്ച്, വിദ്യാഭ്യാസത്തെക്കുറിച്ച്, നാടിനെക്കുറിച്ച്, ജനതയെക്കുറിച്ച് അങ്ങനെ താനുമായി ബന്ധപ്പെട്ട ഓരോന്നിനെക്കുറിച്ചും ഇയാള്‍ നുണ മാത്രമാണ് പറയുന്നത്.
ഹൈന്ദവ ദര്‍ശനങ്ങളുടെ ഉദാത്തതയെക്കുറിച്ച് എഴുതിയതിനു ശേഷം ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് എന്തുകൊണ്ടാണ് ഹിന്ദുവിന് വേണ്ടി നിലകൊള്ളുന്നുവെന്ന് നടിക്കുന്ന ബി.ജെ.പിയും കൂട്ടരും ഹിന്ദു ധര്‍മ്മത്തിനും നീതിബോധത്തിനും വിരുദ്ധമായ നിലപാടെടുക്കുന്നത് എന്ന് അത്ഭുതപ്പെടുന്നുണ്ട്, ഹിന്ദുത്വവാദികളോട് സ്നേഹപൂര്‍വ്വം എന്ന ലേഖനത്തില്‍. അദ്ദേഹം എഴുതുന്നു – “നഗ്നമായ വര്‍ഗ്ഗീയ പക്ഷപാതവും അതിസങ്കുചിതമായ വിവേചനവും ഇന്ന് നാം ഇന്ത്യയില്‍ കണ്ടുവരുന്നത് ബി. ജെ.പിയില്‍ മാത്രമാണ്. ഇവ തീരെ ഇല്ലാതിരിക്കേണ്ട കക്ഷിയാണ് ഘോരമായ ആയുധ സ്ഫോടനങ്ങള്‍ നടത്തുന്നതിനും മറ്റു ന്യൂനപക്ഷങ്ങളിലെ തീവ്രഗ്രൂപ്പുകളെ കുറ്റപ്പെടുത്തുന്നതിനും മുന്നോട്ടു വരുന്നത്. ഹൈന്ദവ തീവ്രന്മാര്‍ സന്യാസിമാരും സൈനികരും എല്ലാം ഉള്‍പ്പെട്ട് ഹിമാലയം ബോംബു വെച്ച് തകര്‍ത്താലും അത് അവര്‍ക്ക് വെറും കൈപ്പിഴ മാത്രം. ഇത് രാജ്യദ്രോഹമാണ്, സമൂഹ വഞ്ചനയാണ്, ഹിന്ദുധര്‍മ്മ നിഷേധമാണ്. തങ്ങള്‍ ധർമ്മവാദകളെല്ലെന്നും പകരത്തിനു പകരം വീട്ടുന്ന അക്രമികളണെന്നും തുറന്നു പറയാനുള്ള ധൈര്യമെങ്കിലും അവര്‍ കാണിക്കേണ്ടേ?”
അഴീക്കോടിനെ ഉദ്ധരിച്ചതുകൊണ്ട് എന്തെങ്കിലും ബി. ജെ.പിക്കാര്‍ മനസ്സിലാക്കിക്കളയും എന്നൊരു ചിന്തയൊന്നും എനിക്കില്ല. എന്നാല്‍ നാട്ടില്‍ ചിന്തിക്കുന്ന, ബോധമുള്ള ആളുകള്‍ ഇങ്ങനെയൊക്കെയാണ് ഇവരെക്കുറിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്നതെന്നെങ്കിലും ബോധ്യപ്പെടാന്‍ സഹായമാകുമെങ്കില്‍ അത്രയും നന്ന്.
ഇനിയും സംഘപരിവാരത്തിന് കീഴടങ്ങാതെ തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന കേരളം അവരുടെ ശത്രുക്കളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മുന്നേറ്റങ്ങളുണ്ടാകുമെന്ന് ബി.ജെ.പി. പ്രത്യാശ പുലര്‍ത്തിയിരുന്നെങ്കിലും ഇലക്ഷനിലടക്കം നിരാശപ്പെടാനാണ് വിധിയെന്ന് അക്കൂട്ടര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പല തലത്തിലും തരത്തിലും നമ്മുടെ നാട്ടില്‍ വേരുകളോടിക്കുവാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും അതിനു കഴിയാത്തതുകൊണ്ടാണ് കേരളത്തിന്റെ മുഖം മോശമാക്കുന്ന രീതിയില്‍ പ്രധാനമന്ത്രി അന്തസ്സില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നത്.
ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുന്നത് നല്ലതുതന്നെയാണ്. എന്നാല്‍ പ്രധാനമന്ത്രിയായിക്കഴിഞ്ഞാല്‍ ആ സ്ഥാനത്തിനു യോജിച്ച രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. അതിനു കഴിയാതെ പോകുമ്പോഴാണ് സാമാന്യബോധമുള്ള പൊതുജനത്തിന് പ്രധാനമന്ത്രി കള്ളനാണ് എന്ന് പറയേണ്ടി വരുന്നത്.
എന്തായാലും ബി.ജെ.പിയുടേയും സംഘപരിവാരത്തിന്റേയും ശത്രുവായി നിലകൊള്ളുന്ന കേരളം എക്കാലവും അതേ നില തുടരുക തന്നെ ചെയ്യും, അവര്‍ക്ക് അപമാനവും നമുക്ക് അഭിമാനവുമായി.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.