Wed. May 8th, 2024
#ദിനസരികള് 741

1.
മുന്നോട്ട് അതിവേഗം കുതികുതിക്കുമ്പോഴും ഒരു മുക്കൂറ്റിപ്പൂവിന്റെ സ്നിഗ്ദ്ധമായ പിന്‍വിളിയില്‍ മനസ്സുടക്കി ഒന്നു നിന്നു പോകുക – വൈലോപ്പിള്ളിയെ മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട മഹാകവിയായി നിലനിറുത്തുവാന്‍ അദ്ദേഹത്തില്‍ ഉള്‍‌ച്ചേര്‍ന്നിരിക്കുന്ന സവിശേഷമായ ഈ ഗുണം പ്രത്യക്ഷമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭാവത്തെ ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സില്‍ ഒരു കൊന്നപ്പൂവ് ബാക്കിയിരിക്കിട്ടെ എന്ന് കവി തന്നെ ജലസ്നാനം നടത്തി ആശീര്‍വദിച്ചുയര്‍ത്തുന്നുമുണ്ട്.

പക്ഷേ പരിഷ്കാരമെത്രവേഗം
പച്ചയെദ്ധൂസരമാക്കിവിട്ടു
കല്യമാം പട്ടണം തന്മനസ്സിന്‍
പുല്ലണിച്ചോലയില്‍ കല്ലുപാവി
പതിതന്‍ പരിഷ്കാരപാംസുലന്‍ ഞാന്‍
ഹൃദയം വരണ്ടവന്‍ ഗാനഹീനന്‍ – എന്ന് പരിതപിക്കുന്നതു പരിഷ്കാരത്തോടുള്ള വിപ്രതിപത്തി കൊണ്ടല്ല മറിച്ച്, പുല്ലണിച്ചോലയെ തനതുരൂപത്തില്‍ നിലനിറുത്തുവാന്‍ മടിക്കുന്ന യാന്ത്രികമായ പ്രക്രിയകളോടുള്ള വിപ്രതിപത്തികൊണ്ടാണ്. അതുകൊണ്ടാണ് ധൂസരമാക്കി എന്ന കര്‍മണിയെ ആ വിദഗ്ദ്ധ ഹസ്തം സന്നിവേശിപ്പിച്ചത്.

2.

വൈലോപ്പിള്ളിയുടെ ദര്‍ശനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ കാലുകള്‍ ഇങ്ങ് മണ്ണിലും ശിരസ്സ് ഭുവര്‍‌ല്ലോകങ്ങളിലേക്കും പടര്‍ന്നു നില്ക്കുന്ന ഒരു വിരാട് പുരുഷനെയാണ് സങ്കല്പിക്കേണ്ടി വരുന്നത്. മണ്ണില്‍‌ത്തൊട്ട് വിണ്ണില്‍ മുട്ടി നില്ക്കുന്നവന്‍ എന്നു പറയുമ്പോള്‍ പൌരാണികമായ സ്മൃതിസങ്കല്പങ്ങളില്‍ പടച്ചുണ്ടാക്കിയ വിണ്ണല്ല, മറിച്ച് ആധുനികതയുടെ വെള്ളിവെളിച്ചം വീണുകിടക്കുന്ന ശാസ്ത്രാവബോധത്തിന്റെ വിഹാരരംഗമാണ്. ഒട്ടും വൈരുധ്യം ചേരാതെ ഈ രണ്ടു ഭാവങ്ങളും വൈലോപ്പിള്ളിയില്‍ സര്‍വ്വഥാ സമ്മേളിച്ചിരിക്കുന്നു.

3.

‘മലതുരക്കല്‍’ നോക്കുക. അച്ഛന്റെ വാക്കുകളെ തുളച്ചു കയറുന്ന മകന്‍ യാഥാസ്തികത്വത്തിന്റെ ചെമ്പുകൂടാരങ്ങളെ തീയിലുരുക്കിക്കളയുന്ന ശാസ്ത്രയുഗത്തിന്റെ വരവിനെയാണ് സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നത്. തീവണ്ടിക്ക് പാതയൊരുക്കുക എന്നത് കേവലമായ ഒരു കാരണംമാത്രമാണ്. മലതുരക്കാനിറങ്ങുന്ന മകനെ കെട്ടകാലത്തിന്റ ചളിക്കുണ്ടില്‍ പുല്ലുതിന്നാവോളവും നാറിക്കിടക്കുന്ന (കക്കാടിന് നന്ദി) യാഥാസ്തികത്വങ്ങള്‍ പിന്‍വലിക്കുക സ്വാഭാവികമാണ്. ഇവിടേയും അതു സംഭവിക്കുന്നു.

“എങ്ങുപീന പുരാതന ശൈലം?
എങ്ങു നമ്മളീ മര്‍ത്ത്യപ്പുഴുക്കള്‍?
നല്‍ പ്രകൃതിയെ, യീശനെ നേര്‍ക്കു
തല്‍ പ്രയത്നമോ തന്‍ കുഴിവെട്ടല്‍?
അബ്ദമൊന്നുപോയ് തിന്നീല നമ്മ
ളദ്രിതന്‍ പുറംപോളകള്‍ പോലും
ചൊല്ലിടുന്നു ഞാന്‍, നമ്മള്‍ തന്‍ പ്രേത
ക്കല്ലുമാടമായ്ത്തീരുമീശൈലം“ എന്ന് പിന്മടങ്ങാന്‍ പ്രേരിപ്പിക്കുന്ന അച്ഛനോട്,
“ഞാന്‍ വിശ്വസിക്കുന്നു, മര്‍ത്ത്യവീര്യമീയദ്രിയെ വെല്ലും “ എന്ന് വാദിക്കുന്ന മകനില്‍ വൈലോപ്പിള്ളി കൊടിപ്പടം താഴ്ത്താനുദ്ദേശമില്ലാത്ത അദമ്യമായ ഇച്ഛാശക്തിയെയാണ് ആവാഹിച്ച് ചേര്‍ത്തിരിക്കുന്നത്. ഒടുവില്‍ മലവീണു. ഇരുവശത്തു നിന്നുമായി തുളച്ചേറിയെത്തിയ പണിയായുധങ്ങള്‍ പരസ്പരം കൂട്ടിമുട്ടി. വിജയശ്രീലാളിതനായ മകന്‍ ചോദിക്കുന്നു.
“അപ്പനെന്നൊച്ചയങ്ങു കേള്‍ക്കാമോ?”
“അപ്പനേ, യെനിക്കസ്സലായ് കേള്‍ക്കാം.”

4.

കൂരിരുട്ടില്‍ കടല്‍ മുറിച്ചു കടക്കുനാനുദ്യമിക്കുന്നവന് അവിചാരിതമായി വീണു കിട്ടുന്ന ദിശാസൂചികളെപ്പോലെ വൈലോപ്പിള്ളി മനുഷ്യനെ വഴികാട്ടുന്നു. ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതാണ് വിജയമെന്ന് പ്രഘോഷിക്കുന്നു. ആ വിജയം കേവലനായ ഒരു മനുഷ്യന്റെ വിജയമല്ല മറിച്ച് മാനവികതയ്ക്ക് ആകമാനമുള്ള സമ്മാനമായി കരുതിപ്പോരുവാനാണ് വൈലോപ്പിള്ളി തിടക്കപ്പെടുന്നത്.

ആകയാലൊറ്റയൊറ്റയായി വീണ്ടും
ആകുലികളെപ്പാടിടും വീണേ
നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനാശ്വരഗാനം എന്നാണ് അദ്ദേഹം സ്വയം നിശ്ചയിച്ചുകൊടുക്കുന്ന പരിധി.

പല ദേശത്തില്‍ പല വേഷത്തില്‍പ്പലപല ഭാഷയില്‍
ഞങ്ങള്‍ കഥിപ്പൂ പാരിതിലാദിയിലുദയംകൊണ്ടു പൊലിഞ്ഞൊരു പൊന്നോണത്തിന്‍ ചരിതം – ഈ പൊന്നോണം ഏതെങ്കിലുമൊരു ദേശകാലത്തിലേക്ക് ചുരുങ്ങിക്കിടക്കുന്നുവെന്ന് തോന്നിയാല്‍ തെറ്റിയത് വൈലോപ്പിള്ളിക്കല്ല, നമുക്കുതന്നെയാണ്.

5.
വാക്കിന് വാക്കിന് പൊരുളിന്‍ മുത്തുക
ളുതിരും പെരിയൊരു പുലവന്‍ ഞാന്‍, എന്‍
കയ്യിലിരിക്കും വീണപ്പെണ്‍‌കൊടി
കലയുടെ സഖിയാം കന്നിപ്പൈങ്കിളി
കാലത്തിന്റെ കുടത്തില്‍ കൊട്ടി
ക്കൂടെപ്പാടുവതോമല്‍ കൈരളി – ആണ്. ആയിരിക്കാം. എന്താണ് പാടുന്നത്? മനുഷ്യര്‍ നടന്ന വഴികളില്‍ അധോമുഖവാമനര്‍ വാഴുന്ന ഒരു കാലത്ത്
പാടുകയാണവര്‍ പാലാട്ടുകോമന്റെ നീടുറ്റ വാളിന്‍ നിണപ്പുഴക്കേളികള്‍ ആരാണു വീറോടു പോരാടുമീ രണ്ടു
പോരാളിമാര്‍കളെപ്പാടിപ്പുകഴ്ത്തുവാന്‍ എന്ന ചോദ്യം നമ്മോടാണ്. ഈ ചോദ്യത്തില്‍ നിങ്ങളെവിടെയാണ് ചവിട്ടിനില്ക്കുന്നത് എന്നുമുഴങ്ങുന്നില്ലേ? തേവുന്നവര്‍ പാടുന്നത് പാലാട്ടുകോമന്റെ വീരഗാഥകളാണ്. അവരുടെ ചുണ്ടിലേക്ക് അക്കാലം കെട്ടിവെച്ചുകൊടുത്തത് മേല്‍ത്തട്ടുകാരന്റെ വിലാസങ്ങളാണ്. അതവരുടെ ഗതികേട്. എന്നാല്‍ മനുഷ്യരേ നിങ്ങള്‍ ആരെയാണ് പുകഴ്ത്തുക എന്ന ചൂണ്ടലിന്റെ മുനകള്‍ നിങ്ങള്‍ ഏതു പക്ഷത്ത് എന്നുതന്നെയല്ലേ തോണ്ടിച്ചോദിക്കുന്നത്? നിങ്ങള്‍ പാടേണ്ടത് പാലാട്ടുകോമനെപ്പറ്റിയല്ല, പാടത്തു പുഞ്ചക്കു തേവുന്നവരെപ്പറ്റിയാണ് എന്ന ശാസന, കവി തൊട്ടു നില്ക്കുന്ന വര്‍ഗ്ഗത്തെയാണ് വെളിപ്പെടുത്തുന്നത്.

ഇരിമ്പുമിരമ്പുന്നോരൂര‍ജ്ജവും യുവാക്കള്‍ തന്‍
ഞരമ്പിലൂടെ പാളും നൂതന ചൈതന്യവും
പാറവെട്ടാനും പുഴയ്ക്കണകെട്ടാനും വിദ്യൂ
ദ്ധാരയാല്‍ പൊതുകര്‍മ്മശാലകളൂട്ടീടാനും
കൂട്ടായ കൃഷിഭൂവില്‍ യന്ത്രത്തിന്‍ കലപ്പയാല്‍
പൂട്ടാനും കതിര്‍ കൊയ്തു കൂട്ടാനും ത്വരിക്കവേ
ആ മഹാസംരംഭത്തിന്‍ സംഘഗാനത്തില്‍ച്ചേര്‍ന്നു
നാമനുഭവിക്കാം പണ്ടില്ലാത്തൊരഭിമാനം
ഈടുവെയ്പ്പുകളെല്ലാം പോകിലും പുതിയൊരു
നാടു നമ്മുടേതാകും, അസംഖ്യം തോഴന്മാരും!

എത്രയോ പ്രത്യാശാഭരിതമാണ് ഈ സ്വപ്നം? പാലാട്ടുകോമന്റെ ഗാഥകള്‍ ഈടുവെയ്പ്പുകളാകുന്നതിനു പകരം പാടത്തെ പണിക്കാരുടെ വിയര്‍പ്പു രുചികളാണ് പഥ്യമാകേണ്ടതെന്നത് ചെറുതായ ഉണര്‍ത്തലല്ല. അധ്വാനിക്കുന്നവനോട് ചേര്‍ന്നു നില്ക്കുക എന്ന കര്‍ത്തവ്യത്തെയാണ് കവി മനുഷ്യന്റെ കടമയായി പ്രഖ്യാപിക്കുന്നത്.

6.
വൈലോപ്പിള്ളിയിലേക്ക് മലയാളത്തിന് നടന്നെത്താന്‍ ഇനിയും ഏറെ കൈവവഴികളുണ്ട്. ചിതറിക്കിടക്കുന്ന ആ വഴികളിലൂടെ നാം അദ്ദേഹത്തിലേക്ക് ചെന്നു ചേര്‍ന്നാലോ? മാനവികതയിലേക്കുള്ള രാജവീഥി തുടങ്ങുകയായി.

അരനൂറ്റാണ്ടായ് ഞങ്ങള്‍ പണ്ടെങ്ങും കാണാത്തപോല്‍
അരിയ വേദാന്തക്കൈത്തിരി വെട്ടത്താലല്ല
സഹൃദനിലാവിനാല്‍ സമരത്തീയാല്‍ പാരി
താകവേ പരന്നൊരു തറവാടായിക്കണ്ടോര്‍ – ഈ തറവാടിനെ ജീര്‍ണസങ്കല്പങ്ങളുടെ വേലിക്കെട്ടുകളില്‍ തളംകെട്ടിക്കിടന്ന് അഴുകുന്ന ഒന്നായിട്ടല്ല, ഒഴുക്കുകള്‍ വന്നു ചേരുകയും ഒഴുക്കുകളെ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്ന സജീവതയായി പരിഗണിച്ചാല്‍ നമുക്ക് വൈലോപ്പിള്ളിയെ മനസ്സിലായി എന്നു വരാം.

su_divider text=”മുകളിലേക്ക്” style=”double” divider_color=”#FFCE00″ link_color=”#60605F”]

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *