Reading Time: 2 minutes
#ദിനസരികള് 739

ശ്രീകണ്ഠേശ്വരത്തിന്റെ മകനായ പി. ദാമോദരന്‍ നായര്‍ തയ്യാറാക്കിയ അപശബ്ദനിഘണ്ടു പ്രസിദ്ധീകരിക്കപ്പെടുന്നത് ആഗസ്റ്റ് 1976 ലാണ്. എന്നെക്കാള്‍ പ്രായമുള്ള ആ പുസ്തകം നിരന്തര ഉപയോഗത്തിനു ശേഷവും കുത്തിക്കെട്ടൊന്നുലയുക പോലും ചെയ്യാതെ എന്റെ മേശപ്പുറത്തിരിക്കുന്നു. ഇപ്പോള്‍, പക്ഷേ ഉപയോഗം വളരെയേറെ കുറഞ്ഞിട്ടുണ്ടെങ്കിലും ഷ്ട ഉപയോഗിക്കേണ്ടിടത്ത് ഷ്ഠയും സ്തയ്ക്കു പകരം സ്ഥയും (തിരിച്ചും) ഉപയോഗിക്കുന്ന എനിക്ക് ഈ പുസ്തകം വലിയൊരു സഹായമാണ്. ബുക്ക് ക്ലബിലുടെ ഡി.സി. പുറത്തിറക്കിയ ഈ പുസ്തകം ഇപ്പോഴും പൊതിഞ്ഞിരിക്കുന്നത് അന്ന് അവരുതന്നെ അച്ചടിച്ച് വിതരണം ചെയ്ത കടലാസില്‍ തന്നെയാണെന്നത് മറ്റൊരു രസമാണ്. എന്നു വെച്ചാല്‍ ഇത്രയും കാലത്തിനുശേഷവും ആ പൊതിപോലും മാറ്റേണ്ടി വന്നിട്ടില്ല.

ഏഴുരൂപയാണ് പുസ്തകത്തിന്റെ വില. പുസ്തകം തയ്യാറാക്കുന്നതില്‍ ഡി.സി. ബുക്സിനുണ്ടായിരുന്ന ശ്രദ്ധ അപശബ്ദ നിഘണ്ടു വെളിപ്പെടുത്തുന്നുണ്ട്. അക്കാലങ്ങളിലെ ഏതു പുസ്തകം പരിശോധിച്ചാലും കെട്ടിലും മട്ടിലും ഈ ഗുണമേന്മ നമുക്ക് കണ്ടെത്താന്‍ കഴിയും. ഈ പുസ്തകത്തെക്കാള്‍ പഴക്കമുള്ള വേറെയും പുസ്തകങ്ങള്‍ എന്റെ കൈവശമുണ്ട്. അവയ്ക്കും ഇന്നുവരെ അപകടമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഇക്കാലങ്ങളില്‍ ഡി.സി. ബുക്സ് പുറത്തിറക്കുന്ന പുസ്തകങ്ങള്‍ക്ക് ഈയൊരു തരത്തിലുള്ള മേന്മ അവകാശപ്പെടാനാകില്ല. ഉപയോഗിക്കുന്ന കടലാസിലടക്കം ഈക്കുറവ് പ്രത്യക്ഷവുമാണ്. മലയാളത്തിലെ പുസ്തക പ്രസാധനരംഗത്ത് ഡി.സി. ബുക്സിന്റേതായ സംഭാവനകളെ സ്വയം തിരസ്കരിക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്ന് മുക്തരാകുനുള്ള വഴികള്‍ അവര്‍ തന്നെ കണ്ടെത്തുമെന്ന് പ്രത്യാശിക്കുക.

തെറ്റായ പദങ്ങളെ വെറുതെ പറഞ്ഞു പോകുക മാത്രമല്ല ദാമോദരന്‍ ചെയ്യുന്നത്. എന്തുകൊണ്ടാണ് ആ പദം തെറ്റായിരിക്കുന്നത് എന്നു കൂടി പറയുന്നു. ഉദാഹരണം നോക്കുക.”കോപിഷ്ടന്‍/കോപിഷ്ഠന്‍ കോപി എന്നാല്‍ കോപിച്ചവന്‍ എന്നര്‍ത്ഥം. ഏറ്റവും കൂടുതല്‍ കോപമുള്ളവന് അതിശായന രൂപമായ ഇഷ്ഠന്‍ ചേര്‍ത്ത് പ്രയോഗിക്കണം. അപ്പോള്‍ കോപിഷ്ഠന്‍‌ എന്ന രൂപം കിട്ടും” എന്ന് വളരെ വിശദമായി പറഞ്ഞു പോകുന്നു. ക്രിസ്തുവിനെ തോന്നിയപോലെ കൃസ്തു എന്നെഴുതുന്നവര്‍ എത്രയോയുണ്ട്? ക്രിസ്തുവാണ് ശരിയെന്നും അതുകൊണ്ട് ക്രിസ്ത്യാനി എന്നു വേണം എഴുതാനെന്നും ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ആസ്വാദ്യകരം എന്നെഴുതാത്തവരുണ്ടോ? ഉണ്ടാകും. എന്നാല്‍‌പ്പോലും പലരും ധാരാളമായി അങ്ങനെ എഴുതിക്കാണാറുണ്ട്. അതു തെറ്റാണ് എന്നാണ് നിഘണ്ടുകാരന്‍ പറയുന്നത്.ആ–സ്വാദ്യ ആസ്വദിക്കത്തക്ക, രുചികരമായ എന്നൊക്കെയാണ് അര്‍ത്ഥം. അതിനാല്‍ ആസ്വാദ്യകരം ഇരട്ടിപ്പ്. സാഹിത്യം ഒരു കലയാകയാല്‍ അതില്‍ ആസ്വാദ്യഭാഗങ്ങളെ ചൂണ്ടിക്കാണിച്ചു തരുന്നവന്‍ ജനസമുദായത്തിന്റെ സുഖാനുഭവത്തെ വര്‍ദ്ധിപ്പിക്കുന്നുവെന്ന് പ്രസംഗതരംഗിണിയെ ഉദ്ധരിച്ച് ഉറപ്പിക്കുന്നു.

ഒരിക്കല്‍ എന്നു മതി എന്നാണ് നിയമം. ഉച്ചാരണത്തില്‍ യ്ക്ക എന്നു വന്നുകൊള്ളുമെന്നാണ് കാരണമായി പറയുന്നത്. പക്ഷേ നമുക്ക് ഒരിയ്ക്കല്‍ എന്നല്ലാതെ എഴുതുക അസാധ്യമല്ലേ? ഒരുത്തന്‍ ഒരുപോലെ –എന്നതൊക്കെ തെറ്റ് യഥാക്രമം ഒരുവന്‍ ഒന്നുപോലെ എന്നൊക്കെ എഴുതണം. വ്രതത്തെ വൃതമാക്കുന്നത് നാം ഒരുപാട് കണ്ടതാണ്.വ്രതത്തിന് നോമ്പ് എന്നും വൃതത്തിന് ചുറ്റപ്പെട്ടത് എന്നുമാണ് അര്‍ത്ഥം.

ചില മാറ്റങ്ങളൊക്കെ കാലം പോകെപ്പോകെ അനിവാര്യമാണ്. ഉദാഹരണത്തിന് സ്വതേ എന്നു നാമൊന്നും പറയാറില്ല. സ്വതവേ എന്നാണ് ഉപയോഗിക്കുക. ആ രൂപം തെറ്റാണെങ്കിലും ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ശരി അതാണെന്ന് നാം ശഠിക്കും. സാത്ത്വികം എന്നാണ് എഴുതേണ്ടത്. നമുക്കത് സാത്വികമല്ലേ? ആദ്യത്തെ രൂപത്തെ സ്വീകരിച്ചാല്‍ സ്കൂള്‍ ടീച്ചര്‍മാരില്‍ പലരും പരിഹസിക്കില്ലേ? അതുകൊണ്ട് നമുക്ക് സാത്വികം ശരിയാകുന്നു. നിര്‍മ്മാണത്തിന് അശ്ലീലാര്‍ത്ഥമുള്ളതിനാല്‍ (നിര്‍-മാനം മാനമില്ലായ്മ ) നിര്‍മ്മിതി ഉപയോഗിക്കണമെന്ന് പറയുന്നയാളോട് ആ അശ്ലീലം ഞങ്ങളങ്ങു സഹിച്ചു എന്നല്ലാതെ എന്താണ് പറയുക?

ഭാഷ അര്‍ത്ഥശങ്കയ്ക്കിടംകൊടുക്കാത്ത തരത്തില്‍ പ്രയോഗിക്കാന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്. ഭാഷാശുദ്ധി വേണ്ടതുതന്നെയാണ്. ഗ്രന്ഥകാരന്‍റെ “ഒരേ പദം പലരും പല രൂപത്തിലാണ് പ്രയോഗിക്കുക. വരമൊഴിയിലെങ്കിലും പദങ്ങളുടെ കാര്യത്തില്‍ ശുദ്ധിയും ഐകരൂപ്യവും പുലര്‍ത്തുക ആവശ്യമാണല്ലോ. “ എന്ന നിലപാടിനോട് എനിക്കും യോജിപ്പുണ്ട്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement

Leave a Reply

avatar
  Subscribe  
Notify of