Fri. Apr 26th, 2024
നായ്ക്കട്ടി (വയനാട്):

വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേര്‍ മരിച്ചു. നായ്ക്കട്ടി ടൗണിൽ പഞ്ചായത്തോഫീസിന് സമീപം എളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. നാസറിന്റെ ഭാര്യ അമല എന്ന ആമിനയും(36) സമീപത്ത് ഫർണിച്ചർ കട നടത്തുന്ന മരപ്പണിക്കാരൻ മൂലങ്കാവ് എർലോട്ട് പെരിങ്ങാട്ടേൽ ബെന്നിയുമാണ് (45 )വെള്ളിയാഴ്ച പകൽ ഒന്നേകാലിന് നാസറിന്റെ വീടിന്റെ സിറ്റൗട്ടിൽ നടന്ന സ്ഫോടനത്തിൽ മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ടൗണിലെ സ്വന്തം കടയിൽ നിന്നും അരയിൽ ഡിറ്റനേറ്റർ കെട്ടി വച്ച് ബെന്നി നൂറ് മീറ്റർ മാത്രം അകലെയുള്ള നാസറിന്റെ വീട്ടിൽ ബൈക്കോടിച്ചെത്തുകയും ബൈക്ക് വീടിന്റെ മുറ്റത്ത് നിർത്തിയിട്ട് അകത്തേക്ക് കടക്കുകയുമായിരുന്നു.അടുക്കളയിൽ പച്ചക്കറി അരിയുകയായിരുന്ന അമല ശബ്ദം കേട്ട് പുറത്തേക്ക് വരുന്നതിനിടെ ബെന്നി അമലയെ കെട്ടിപ്പിടിക്കുകയും സിഗർ ലൈറ്റ് ഉപയോഗിച്ച് അരയിൽ കെട്ടിയ ഡിറ്റണേറ്ററിന്റെ തിരിക്ക് തീ കൊളുത്തുകയുമായിരുന്നു. ഇതോടെ ഉഗ്രസ്ഫോടനത്തിൽ .ഇരുവരുടെയും മുഖം ഒഴികെയുള്ള ശരീരഭാഗങ്ങൾ ചിന്നിച്ചിതറി.

വീടിന്‍റെ ഹാൾ, സിറ്റൌട്ട് എന്നിവിടങ്ങളിൽ കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഉഗ്രസ്ഫോടനശേഷിയുള്ള വസ്തുക്കളുമായാണ് ബെന്നി, നാസറിന്‍റെ വീട്ടിലെത്തിയത്. എന്തുതരം സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയിലൂടെ മാത്രമെ വ്യക്താകുകയുള്ളു. സംഭവ സമയം അമലയുടെ ഭർത്താവ് നാസർ വീടിന് നൂറ് മീറ്റർ മാത്രം അകലെയുള്ള പള്ളിയിൽ ജുമാ നമസ്കാരത്തിൽ പങ്കെടുക്കുകയായിരുന്നു.

നാസറിന്‍റെ അടുത്ത സുഹൃത്തായിരുന്ന ബെന്നിക്ക് അമലയുമായി സൗഹൃദമുണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ഇവരുടെ അടുപ്പത്തിൽ എന്തെങ്കിലും വിള്ളൽ വീണതാണോ സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. പ്രണയാർഭ്യത്ഥന നിരസിച്ച യുവതികളെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവങ്ങൾ അടുത്ത കാലത്തു ഉണ്ടായ സാഹചര്യത്തിൽ അതിനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഫർണീച്ചർ കട നടത്തുന്ന ബെന്നിയും അമലയും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇപ്പോൾ ബെന്നി ഇങ്ങനെയൊരു കൃത്യം ചെയ്യേണ്ട ഒരു കാര്യവും തന്‍റെ അറിവിലില്ലായെന്നാണ് നാസർ പൊലീസിനോട് പറഞ്ഞത്. വളരെക്കാലമായി ബെന്നിക്ക് തന്‍റെ വീടുമായി നല്ല അടുപ്പമാണുള്ളതെന്നും നാസർ പറയുന്നു.ഏതായാലും ബെന്നിയുടെയും നാസറിന്‍റെയും വീടുകളിൽ നടത്തുന്ന വിശദ പരിശോധനകളിലൂടെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Leave a Reply

Your email address will not be published. Required fields are marked *