Mon. Dec 23rd, 2024
വാരണാസി:

നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ് ആണ് വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി.

മോദിക്കെതിരെ മല്‍സരിക്കാൻ ഒരുക്കമെന്ന് പ്രിയങ്ക നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കാനൊരുക്കമെന്ന് പലവട്ടം വ്യക്തമാക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രശ്നമല്ലെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. പക്ഷെ ആദ്യ മത്സരത്തിൽ തന്നെ ഒരു തോൽവി ഉണ്ടായാൽ അത് രാഷ്ട്രീയ ഭാവിക്കു ദോഷം ചെയ്യുമെന്ന് അഭിപ്രായമുള്ളവരും കോൺഗ്രസിൽ ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് മത്സരം വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമാക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാട് രാഹുൽ ഗാന്ധിയും കൈക്കൊണ്ടെന്നാണ് വിവരം. സോണിയ ഗാന്ധിക്കും പ്രിയങ്ക വാരണാസിയിൽ മത്സരിക്കുന്നതിനോട് താല്പര്യം ഉണ്ടായില്ല. അത് കൂടാതെ യു.പി യിൽ പ്രചാരണ പ്രവർത്തങ്ങളുടെ ചുക്കാൻ പിടിക്കുന്ന പ്രിയങ്ക മത്സരിക്കുന്നതിന് വേണ്ടി വാരണാസിയിൽ ഒതുങ്ങിയാൽ അത് മറ്റു മണ്ഡലങ്ങളുടെ പ്രചാരണത്തെയും ബാധിക്കുമെന്നാണ്‌ കോൺഗ്രസ് പറയുന്നത്.

എന്നിരുന്നാലും പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി മത്സരിക്കാനുള്ള സാഹചര്യം ഇല്ലാതായതാണ് അവർ മത്സര രംഗത്തു നിന്ന് പിന്മാറാനുള്ള കാരണം എന്ന് വിലയിരുത്തപ്പെടുന്നു. എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ പിന്തുണയോടെ പ്രിയങ്കയെ വാരണാസിയിൽ മോദിക്കെതിരെ പൊതു സ്ഥാനാർത്ഥിയായി നിർത്താനായിരുന്നു കോൺഗ്രസ് കണക്കു കൂട്ടൽ. എന്നാൽ ഈ തീരുമാനം ഗുണം ചെയ്യുക കോൺഗ്രസ്സിന് മാത്രമാകും എന്ന് മനസ്സിലാക്കിയ അഖിലേഷ് യാദവും, മായാവതിയും മുന്‍ കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകളായ ശാലിനി യാദവിനെ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിക്കേണ്ടെന്നു ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *