വായന സമയം: < 1 minute
തൃശൂര്‍:

ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐ എം വിജയന്‍റെ ജീവിതം സിനിമയാകുന്നു. മലയാളത്തിലെ യുവസംവിധായകന്‍ അരുണ്‍ ഗോപിയാണ് വിജയന്റെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്.

തൃശ്ശൂര്‍ കോലോത്തുംപാടത്തെ മൈതാനത്ത് വിശക്കുന്ന വയറുമായെത്തി പന്ത് തട്ടിത്തുടങ്ങിയ വിജയന്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കളിക്കളങ്ങളില്‍ കാല്‍പ്പന്തിന്റെ ഇന്ദ്രജാലം വിരിയിച്ച വലിയ താരമായി മാറിയതിന് പിന്നിലെ പ്രയത്‌നവും ഉദ്വേഗജനകമായ ജീവിതമുഹൂര്‍ത്തങ്ങളും ആണ് അരുണ്‍ ഗോപി സിനിമയിലൂടെ പറയുന്നത്.

നിവിന്‍ പോളി ആകും ഐ എം വിജയനായി എത്തുക എന്നാണ് വിവരങ്ങള്‍ വരുന്നത്. സിനിമയില്‍ സജീവമായുള്ള ഐഎം വിജയന്‍ തന്നെ നായകനായി എത്തണം എന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട് എങ്കിലും നിവിന്‍ പോളിയെ ആണ് അരുണ്‍ ഗോപി നായകനായി നിശ്ചയിച്ചിരിക്കുന്നത്.

രാമലീല, ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അരുണ്‍ ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇത്. കായംകുളം കൊച്ചുണ്ണി ആയുള്ള പ്രകടനത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നിവിന്‍ പോളിക്ക് ഐഎം വിജയന്‍ എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ആകുമോ എന്ന് സിനിമാ പ്രേമികളും സംശയം ഉന്നയിക്കുന്നുണ്ട്. ഫുട്‌ബോള്‍ സിനിമകള്‍ മലയാള സിനിമയില്‍ സജീവമാകുന്ന അവസരത്തില്‍ ഈ സിനിമയേയും പ്രതീക്ഷയോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്.

അതേസമയം ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ ഇതിഹാസ താരം ഐ.എം വിജയന് ഇന്ന് 50ാം പിറന്നാള്‍ ആഘോഷിച്ചു. കേരളം കണ്ട ഏറ്റവും ജനകീയനായ കായിക താരമാണ് ഐ.എം വിജയന്‍. ദേശീയ ടീമിനായി 66 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിജയന്‍ നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. സാഫ് കപ്പില്‍ 12ാം സെക്കന്റില്‍ ഗോളടിച്ച്‌ വിസ്മയം തീര്‍ത്ത താരം ബഗാനും ജെ.സി.ടി.യും ഈസ്റ്റ്ബംഗാളുമടക്കം ഇന്ത്യയിലെ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടിയെല്ലാം ബൂട്ടണിഞ്ഞ മികവുറ്റ താരമായിരുന്നു.

Advertisement

Leave a Reply

avatar
  Subscribe  
Notify of