കൊളംബോ :
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പരകളുടെ നടുക്കം മാറും മുൻപേ ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. കൊളംബോയിൽനിന്നും 40 കിലോമീറ്റർ മാറി പുഗോഡയിൽ മജിസ്ട്രേറ്റ് കോടതിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
ഈസ്റ്റർ ദിനത്തിൽ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും, നക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ചാവേർ ആക്രമണങ്ങളിൽ 359 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ഞൂറോളം പേരിൽ ചിലരുടെ നില ഇപ്പോഴും ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയത് ഒരു സ്ത്രീയുൾപ്പെടെ 9 ചാവേറുകളാണെന്നാണ് വിവരം.
അതേസമയം, ഇന്ത്യ മുന്നറിയിപ്പു നൽകിയിട്ടും ഭീകരാക്രമണം തടയാൻ കഴിയാതെ പോയതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ സമ്മതിച്ചു.ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ് ശ്രീലങ്കയ്ക്കു കൈമാറിയിരുന്നു. ഭീകരാക്രമണം സംബന്ധിച്ച് മാത്രമായിരുന്നില്ല, ആക്രമണത്തിനു പിന്നുള്ള സംഘം, തലവന്റെ പേര്, മറ്റ് അംഗങ്ങളുടെ പേരുകൾ തുടങ്ങി വിശദമായ മുന്നറിയിപ്പാണ് ഇന്ത്യ നൽകിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനു 10 ദിവസം മുമ്പാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന മൂന്ന് പേജുള്ള മുന്നറിയിപ്പ് നൽകിയത്.
ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) കൂട്ടക്കൊലയുടെ ഉത്തരവാദിത്വമേറ്റെങ്കിലും നാഷണൽ തൗഹീദ് ജമാ അത്തിന്റെ (എൻ.ടി.ജെ) പിന്നാലെയാണ് അന്വേഷണം പ്രധാനമായും നടക്കുന്നത്. ഐ.എസുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ഇതുവരെ 60 പേർ പിടിയിലായിട്ടുണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ എൻ.ടി.ജെ യുടെ തമിഴ്നാട്ടിലെ കൂട്ടാളികളുടെ താവളങ്ങൾ റെയ്ഡ് ചെയ്തിട്ടുണ്ട്.
എന്നാൽ വിശദമായ മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി എടുക്കാൻ ശ്രീലങ്കൻ അധികൃതർക്ക് സാധിച്ചില്ല. ഇന്ത്യയുടെ രഹസ്യാന്വേഷണ മുന്നറിയിപ്പ് അവഗണിച്ചതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്കയുടെ പ്രതിരോധ സെക്രട്ടറിയുടെയും, പോലീസ് മേധാവിയുടെയും രാജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോയും, പോലീസ് ഐ.ജി പുജിത് ജയസുന്ദരയും ഇന്നലെ രാജിനല്കിയിരുന്നു.