Fri. Apr 26th, 2024

ന്യൂഡൽഹി :
പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ച് മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിനെതിരെ നൽകിയിരുന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നും കാണാതായി. ലാത്തൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ കൊൽക്കത്ത സ്വദേശി മഹേന്ദ്ര സിങ് എന്ന സാമൂഹ്യ പ്രവർത്തകൻ ആയിരുന്നു പരാതി നൽകിയിരുന്നത്.

ബാലാകോട്ടില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ സൈന്യത്തിനും പു‍ല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കും വേണ്ടി വോട്ട് ചെയ്യണമെന്നായിരുന്നു ലാത്തൂരിൽ മോദിയുടെ അഭ്യര്‍ഥന. ഇതിനെതിരെ ഏപ്രിൽ 9–നാണ് മഹേന്ദ്ര സിങ് പരാതി നൽകിയത്. സംഭവത്തിൽ മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയിരുന്നു. പ്രസംഗത്തിൽ പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നു മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്ക് ഒസ്മനാബാദ്‌ തിരഞ്ഞെടുപ്പ് ഓഫിസർ റിപ്പോര്‍ട്ടും നൽകി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ടംലംഘിച്ചെന്ന് ഉന്നയിച്ചു നൽകുന്ന പരാതികൾ കമ്മിഷന്റെ വെബ്സൈറ്റിൽ കാണാൻ സൗകര്യമുണ്ട്. ഇത്തരത്തിൽ 426 പരാതികളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ പ്രധാനമന്ത്രിക്കെതിരെയുള്ള പരാതി മാത്രമാണ് പട്ടികയിൽ ഇല്ലാത്തത് . പകരം ‘പരാതി പരിഹരിക്കപ്പെട്ടു’ എന്നാണു കാണിക്കുന്നതെന്ന് മഹേന്ദ്ര സിങ് വെളിപ്പെടുത്തി. അതോടെ മോദിക്കെതിരെയുള്ള പരാതി കേന്ദ്ര സർക്കാർ മുക്കിയെന്നു സംശയം ബലപ്പെടുകയാണ്.

പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലാതിരുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിൽ ആയിരുന്നു പരാതി പരിഹരിക്കപ്പെട്ടു എന്ന രീതിയിൽ ഈ കേസ് പൂഴ്ത്തിയത് കണ്ടെത്തിയത്. അതിനിടയിൽ ഈ പരാതിയിൽ ഉണ്ടായ നടപടിയെ കുറിച്ച് അന്വേഷിക്കാൻ നാലു തവണ മഹേന്ദ്ര സിങ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

ഈ വിഷയം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ ഇതു സാങ്കേതിക പിശകാണെന്നും, വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് കാണിക്കേണ്ടതെന്നും ആയിരുന്നു കമ്മിഷൻ അധികൃതർ നൽകിയ മറുപടി. സംഭവത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കു മുൻപു വിശദീകരണം നൽകാൻ മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടതായും കമ്മിഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *